മമ്മൂട്ടി നായകനായ കാതൽ എന്ന സിനിമയെയും അദ്ദേഹത്തിന്റെ പ്രകടനത്തെയും പ്രശംസിച്ച് നടൻ മോഹൻലാൽ. മലൈക്കോട്ടൈ വാലിബന്റെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് മോഹൻലാൽ താൻ കാതൽ കണ്ടെന്നും മമ്മൂക്ക ആ കഥാപാത്രം വളരെ മനോഹരമായി അവതരിപ്പിച്ചെന്നും തുറന്ന് പറഞ്ഞത്. മോഹൻലാലിൻറെ ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ മമ്മൂട്ടി ആരാധകർ.
“ഞാൻ അദ്ദേഹത്തിന്റെ ഒരു സിനിമ. എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ട ഒരു സിനിമയാണ് കാതൽ. മമ്മൂട്ടിക്ക ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമയാണ്. അങ്ങനെയൊരു സിനിമ നിങ്ങൾ ചെയ്യുമോ എന്ന് ചോദിച്ചാൽ എനിക്കിപ്പോൾ പറയാൻ പറ്റുകയില്ല. സിനിമ എന്ന് പറയുന്നത് നമ്മുടെ അടുത്തേക്ക് വരികയാണ്. അങ്ങനെ വരിക എന്ന് പറയുന്നത് ഒരു ആക്ടറെ സംബന്ധിച്ച് ചലഞ്ച് ആണ്.
ഇവിടെയാണല്ലോ ഇത്തരം സിനിമകൾ ചെയ്യുമ്പോഴുള്ള പ്രശ്നങ്ങൾ. പുറത്തൊക്കെ ഉണ്ടാകുന്ന സിനിമകളൊക്കെ കാണുമ്പോൾ അതൊന്നും ഇവിടെ ചെയ്യാൻ പറ്റില്ല. പക്ഷേ പറ്റുമെന്ന് തെളിയിച്ച സിനിമയാണ് ഇതെല്ലാം! സിനിമയിലുള്ള മാറ്റങ്ങളിലൂടെ സഞ്ചരിക്കാൻ കഴിയുമ്പോഴാണ് അത്തരം ആൾക്കാരെ ആളുകൾ അംഗീകരിക്കുന്നത്. അത്തരം കഥാപാത്രങ്ങൾ കിട്ടുന്നത് ഒരു ചലഞ്ചും ഭാഗ്യവുമാണ്..”, മോഹൻലാൽ പറഞ്ഞു.
മലൈക്കോട്ടൈ വാലിബൻ ഒരു ബാഹുബലിയോ കെജിഎഫോ പോലെയുള്ള സിനിമയല്ലെന്നും അത് പൂർണമായും ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായിരിക്കുമെന്നും മോഹൻലാൽ പറഞ്ഞു. താൻ സിനിമ മുഴുവനും കണ്ടെന്നും ഇത്തരം സിനിമകളിൽ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യം ആണെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം റിലീസ് ദിവസം മോഹൻലാൽ എമ്പുരാന്റെ ഷൂട്ടിംഗ് യു.എസിൽ ആരംഭിക്കുന്നതിനാൽ അവിടെയാണ് ഉളളത്.