‘മനുഷ്യൻ എന്ന മമ്മൂട്ടി!! വധു ദക്ഷിണ കൊടുത്തപ്പോൾ ചെരുപ്പൂരി വച്ച് വാങ്ങിയ ആളാണ്..’ – കുറിപ്പുമായി നടൻ ദേവൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയിൽ നിന്ന് അയോധ്യയിൽ പൂജിച്ച അക്ഷതം വാങ്ങിയതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളൊക്ക പുറത്തുവന്നിരുന്നു. ഇതിന് മുമ്പും അക്ഷതം വാങ്ങിയതുമായി ബന്ധപ്പെട്ട് ചില താരങ്ങൾക്ക് വിമർശനങ്ങൾ കേൾക്കേണ്ടി വരികയും അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ വീടുകളിൽ ദീപം തെളിയിക്കണമെന്ന് പറഞ്ഞ ചിത്രയ്ക്ക് സൈബർ അറ്റാക്ക് നേരിടേണ്ടി വരികയും ചെയ്തിരുന്നു.

ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ പിന്തുണച്ചുകൊണ്ട് നടനും രാഷ്ട്രീയ നേതാവുമായ ദേവൻ രംഗത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് ദേവൻ ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്. “മനുഷ്യൻ എന്ന മമ്മൂട്ടി.. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂർ അമ്പല നടയിൽ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികൾ മനസ്സിലാക്കി.

ഈ കല്യാണ വേളയിൽ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകർഷിച്ച മനുഷ്യനായി മമ്മൂട്ടി. പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റിൽ ഇട്ടതും, വധു ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും, ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുൻപിൽ, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ,

അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി. ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട്, കൂടെ കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ മമ്മുട്ടിയെ ഞാൻ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു, ദേവൻ ശ്രീനിവാസൻ..”, ദേവൻ കുറിച്ചു. ദി കിംഗ് എന്ന ചിത്രത്തിലെ മമ്മൂട്ടിക്ക് ഒപ്പമുളള ഒരു ഫോട്ടോയാണ് ദേവൻ ഇതോടൊപ്പം ഇട്ടത്.