‘അനുഗ്രഹീത കലാകാരി, കിരീടം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചു..’ – കനകലതയെ കുറിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ സുപരിചിതയായ നടി കനകലതയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. 2 വർഷമായി ഡിമൻഷ്യ എന്ന രോഗത്തെ തുടർന്ന് താരം കിടപ്പിലായിരുന്നു. പൂർണമായും ഓർമ്മ നഷ്ടപ്പെട്ട സ്വന്തം പേര് പോലും മറന്ന അവസ്ഥ ആയിരുന്നു കനകലത എന്ന് സഹോദരി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

സിനിമ രംഗത്ത് പ്രവർത്തിച്ച താരങ്ങളിൽ വളരെ കുറച്ച് പേര് മാത്രമാണ് ഇന്ന് താരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിൽ എത്തിയത്. എന്നാൽ സീരിയൽ രംഗത്തുള്ള പലരും എത്തുകയും ചെയ്തിരുന്നു. അതെ സമയം സോഷ്യൽ മീഡിയയിൽ മമ്മൂട്ടിയും, മോഹൻലാലും ഉൾപ്പടെയുള്ള താരങ്ങൾ കനകലതയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് പോസ്റ്റ് ഇടുകയും പഴയ ഓർമ്മകൾ പങ്കുവെക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

“മലയാള സിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട കനകലത. 280-ലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത അനുഗ്രഹീത കലാകാരി. കിരീടം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ഞങ്ങൾക്ക് ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചു. ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ..”, മോഹൻലാൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു.

ഒരു യാത്രമൊഴി, ഗുരു, വർണപ്പകിട്ട്, സ്പടികം, തച്ചോളി വർഗീസ് ചേകവർ, ചെങ്കോൽ, മിഥുനം, രാജാവിന്റെ മകൻ തുടങ്ങിയ മോഹൻലാൽ സിനിമകളിൽ കനകലത അഭിനയിച്ചിട്ടുണ്ട്. “കനകലതക്ക് ആദരാഞ്ജലികൾ..” എന്ന ഒറ്റ വരിയിൽ എഴുതിയ മമ്മൂട്ടി പോസ്റ്റ് പങ്കുവച്ചത്. അമ്മ സംഘടന മാസം നൽകിയ 5000 രൂപയെ കുറിച്ച് സഹോദരി പറഞ്ഞിരുന്നു. ഇത് കൂടാതെ താരങ്ങളും സഹായിച്ചിരുന്നു എന്നും സഹോദരി പറഞ്ഞിരുന്നു.