പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം പൊങ്കൽ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടി മീന. കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുഗന്റെ ഡൽഹിയിലെ വസതിയിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ മീന അതിഥിയായി എത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രി നിർമല സീതാരാമനും ഉണ്ടായിരുന്നു. കൊറിയോഗ്രാഫറായ കല മാസ്റ്ററും മീനയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പൊങ്കൽ ആഘോഷിക്കുന്നത് വാക്കുകൾക്ക് അതീതമായ ബഹുമതിയാണ്. സമ്പന്നമായ അനുഭവത്തിനും ഐക്യത്തിന്റെ ആത്മാവിനും നന്ദി..”, ഇതായിരുന്നു മീന വീഡിയോ പങ്കുവച്ചുകൊണ്ട് ആദ്യം കുറിച്ചത്. ശേഷം പ്രധാനമന്ത്രിക്ക് ഒപ്പം പൊങ്കൽ ആഘോഷിക്കുന്ന ചിത്രങ്ങളും നീന പങ്കുവച്ചിട്ടുണ്ടായിരുന്നു. വണക്കം എന്ന് പറഞ്ഞായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്.
“പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പൊങ്കൽ ആഘോഷങ്ങൾ പങ്കുവെച്ച അവിസ്മരണീയ നിമിഷം. ഊഷ്മളതയ്ക്കും ആതിഥ്യമര്യാദയ്ക്കും നന്ദി..”, ഇതായിരുന്നു ചിത്രത്തോടൊപ്പം മീന കുറിച്ചത്. അതേസമയം പോസ്റ്റിന് താഴെ മീനയ്ക്ക് പൊങ്കൽ ആശംസിച്ച് തമിഴ് ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. അതുപോലെ ഇതൊക്കെ ബിജെപിയുടെ ഇലക്ഷന് പൊടികൈകളാണെന്നും ചിലർ തമിഴർ കമന്റ് ഇട്ടിട്ടുണ്ടായിരുന്നു.
2022-ലാണ് മീന അഭിനയിച്ച സിനിമ അവസാനമായി ഇറങ്ങിയത്. മലയാളത്തിൽ ഒടിടിയിൽ ഇറങ്ങിയ ബ്രോ ഡാഡിയാണ് അവസാന റിലീസ്. അതേവർഷമായിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെട്ടത്. അതോടെ മീന സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷം അവസാനത്തോടെ സിനിമയിലേക്ക് മീന മടങ്ങിയെത്തി. നൈനിക എന്ന പേരിൽ ഒരു മകളും മീനയ്ക്കുണ്ട്. മകളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.