തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിനും പെൺകുഞ്ഞ് ജനിച്ചു. തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു പ്രസവം. അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആര്യയുടെ പിതാവ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ച സന്തോഷം സച്ചിൻ ദേവും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
‘ഞങ്ങൾക്കൊരു മോൾ പിറന്നു.. സന്തോഷം..” എന്ന ക്യാപ്ഷനോടെ ആശുപത്രി കിടക്കയിലുള്ള അമ്മയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് സച്ചിൻ ദേവ് ആ വിശേഷം അണികളുമായി പങ്കുവെക്കുകയായിരുന്നു. പാർട്ടി സുഹൃത്തുക്കൾ, മറ്റ് രാഷ്ട്രീയ നേതാക്കളും ഒക്കെ ആര്യയ്ക്കും സച്ചിനും അഭിനന്ദനങ്ങൾ അറിയിച്ച് കമന്റുമായി എത്തുകയും ചെയ്തു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം.
നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ ദേവ്. ആര്യയാകട്ടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആളെന്ന രീതിയിലും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ബാലസംഘം മുതലുള്ള ഇരുവരും ഒരുമിച്ചുള്ള പരിചയവും സൗഹൃദവും പിന്നീട് പ്രണയത്തിലേക്ക് എത്തുകയും വിവാഹിതരാവുകയും ആയിരുന്നു. വളരെ ലളിതമായി നടന്നൊരു വിവാഹമായിരുന്നു.
2022 സെപ്റ്റംബറിലായിരുന്നു ആര്യയുടെയും സച്ചിന്റെയും വിവാഹം. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശേരിയിൽ നിന്നുമാണ് സച്ചിൻ വിജയിച്ചത്. കോൺഗ്രസിന്റെ നടൻ ധർമജൻ ബോൾഗാട്ടിയെ 20000-ന് അടുത്ത് വോട്ടുകൾക്കാണ് സച്ചിൻ പരാജയപ്പെടുത്തിയത്. ഇരുപത്തിയൊന്നാം വയസ്സ് മേയറായി തിരഞ്ഞെടുക്കപ്പെട്ട ചരിത്രത്തിൽ ഇടംപിടിച്ച വ്യക്തിയാണ് ആര്യ രാജേന്ദ്രൻ. 2020-ലാണ് ആര്യ തിരുവനന്തപുരം കോർപറേഷനിൽ മത്സരിച്ച് വിജയിച്ചത്.