‘പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കും..’ – പ്രതികരിച്ച് ഹരീഷ് പേരടി

ഈ കഴിഞ്ഞ ദിവസമാണ് ക്ഷേമപെൻഷൻ കിട്ടാത്തതുകൊണ്ട് പിച്ച ചട്ടിയുമായി ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടി എന്ന എൺപത്തിയേഴുകാരിയെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായത്. ഇതേത്തുടർന്ന് മാധ്യമങ്ങളിൽ വാർത്തകളിൽ നിറയുകയും പിന്നീട് ചാനൽ ചർച്ചകളിൽ സർക്കാരിന് എതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തുകയുമൊക്കെ ചെയ്തിരുന്നു.

മറിയക്കുട്ടിക്ക് എതിരെ സിപിഎമ്മിന്റെ പാർട്ടി പത്രമായ ദേശാഭിമാനിയിൽ തെറ്റായ രീതിയിലുള്ള വാർത്ത പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മറിയക്കുട്ടി ഇതിനെതിരെ ഹൈക്കോടതിയിൽ പോകുമെന്ന് സ്ഥിതി വന്നപ്പോൾ ദേശാഭിമാനി വ്യാജവാർത്തയിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. മാസങ്ങളോളം ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അന്നക്കുട്ടിയും മറിയകുട്ടിയും അടിമാലിയിൽ ഭിക്ഷ യാചിച്ചത്.

ഇപ്പോഴിതാ സിനിമ നടനായ ഹരീഷ് പേരടി മറിയക്കുട്ടിക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. “ഈ നവകേരള പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കും.. സാധാരണ മനുഷ്യരുടെ നികുതി പണംകൊണ്ട് നിങ്ങൾ എത്ര കോടിയുടെ കക്കൂസ് വണ്ടിയിൽ കയറി യാത്ര ചെയ്താലും ഈ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് നിങ്ങൾ കേരളത്തോട് ഉത്തരം പറയേണ്ടി വരും.

അത്രയും തീക്ഷണമാണ് ആ നോട്ടം.. ഒർജിനൽ കേരള മാതാ.. മറിയകുട്ടിയമ്മയോടൊപ്പം..”, ഹരീഷ് പേരടി മറിയക്കുട്ടിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു. നിമിഷനേരം കൊണ്ട് തന്നെ ഹരീഷിന്റെ കുറിപ്പ് വൈറലാവുകയും ചെയ്തു. ചാനൽ ചർച്ചകളിലെ മറിയകുട്ടിയുടെ രസകരമായ പരിഹാസ മറുപടികളും മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും സർക്കാർ ക്ഷേമ പെൻഷൻ വിതരണം ചെയ്തതതിന് എതിരെയും വിമർശനം ഉയരുന്നുണ്ട്.