‘ഇന്നേക്ക് 16 വർഷം തികയുന്നു ഞങ്ങളുടെ പ്രണയത്തിന്..’ – വിവാഹ വാർഷികം ആഘോഷിച്ച് ധർമ്മജൻ ബോൾഗാട്ടി

മിമിക്രി, ഹാസ്യ കലാരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടൻ ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ ഷോകളിലൂടെ പ്രിയങ്കരനായ ധർമ്മജൻ, ഏഷ്യാനെറ്റിലെ ബ്ലാഫ്‌ മാസ്റ്റേഴ്സ് എന്ന പ്രോഗ്രാമിലൂടെയാണ് ശ്രദ്ധനേടിയത്. അതിൽ രമേശ് പിഷാരടിയ്ക്ക് ഒപ്പം തിളങ്ങിയ ധർമ്മജന് സിനിമകളിൽ നിന്ന് അവസരവും ലഭിച്ചു. ആദ്യ സിനിമ തന്നെ ജനപ്രിയ നായകൻ ദിലീപിന്റെ പാപ്പി അപ്പച്ചായിലായിരുന്നു.

അതിൽ ദിലീപിന്റെ കൂടെയുള്ള കഥാപാത്രമായി കോമഡി പറഞ്ഞ് കൈയടി നേടുകയും ചെയ്തു ധർമ്മജൻ. അങ്ങനെ മലയാള സിനിമയിലെ സ്ഥിരം ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്ന നടനായ ധർമ്മജൻ മാറി. നൂറിന് അടുത്ത് സിനിമകളിൽ ധർമ്മജൻ ഇതുവരെ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പഠനകാലം മുതൽ കെ.എസ്.യുവിലെ അംഗമായിരുന്ന ധർമ്മജൻ ഒരു കോൺഗ്രസ് പ്രവർത്തകനാണ്.

2021-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ബാലുശ്ശേരി മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2021 മുതൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ധർമ്മജൻ ചെയ്തിട്ടുള്ളൂ. വിവാഹിതനായ ധർമ്മജന് രണ്ട് കുട്ടികളുമുണ്ട്. അനുജ എന്നാണ് ഭാര്യയുടെ പേര്. വേദ, വൈഗ എന്നിങ്ങനെയാണ് ധർമ്മജന്റെ മക്കളുടെ പേരുകൾ. 2007-ലാണ് ധർമ്മജനും അനുജയും തമ്മിലുള്ള വിവാഹം നടക്കുന്നത്.

ഇപ്പോഴിതാ തന്റെ പതിനാറാം വിവാഹവാർഷികം ആണെന്ന് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ധർമ്മജൻ. “ഇന്നേക്ക് 16 വർഷം തികയുന്നു ഞങ്ങളുടെ പ്രണയത്തിന്..”, എന്ന ക്യാപ്ഷനോടെ ധർമ്മജൻ ഭാര്യയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. വൈകുനേരം മക്കൾക്കും ഭാര്യയ്ക്കും ഒപ്പം നിന്ന് കേക്ക് മുറിച്ച് ധർമ്മജൻ വിവാഹ വാർഷികം ആഘോഷിച്ചു. നിരവധി പേരാണ് ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടത്.