കേരളത്തിൽ കർഷകൻ പ്രസാദ് ആത്മഹ ത്യാ ചെയ്തതുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ ചർച്ചകളും സർക്കാരിന് എതിരെ വിമർശനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. സർക്കാർ കൃത്യസമയത്ത് വിളവിന് പണം നൽകിയില്ലെന്ന് ആരോപിച്ചാണ് അദ്ദേഹം ജീവൻ ഒടുക്കിയത്. എന്നാൽ കേരളത്തിൽ കർഷകൻ ആത്മഹ ത്യാ ചെയ്യാനുള്ള കാരണങ്ങളോ സാഹചര്യമോ ഇല്ലെന്നാണ് കൃഷി മന്ത്രി പി പ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് കർഷകർക്ക് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സിനിമ, സീരിയൽ നടനായ മനോജ് കുമാർ ഈ വിഷയവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടി പറഞ്ഞ വാക്കുകൾ കടമെടുത്താണ് മനോജിന്റെ പ്രതികരണം. ഒരു കർഷകൻ പാടത്ത് നിൽക്കുന്ന ഫോട്ടോ പങ്കുവച്ചാണ് കുറിപ്പ് എഴുതിയത്.
“നിങ്ങളുടെ കാൽ ചേറിൽ പതിയുമ്പോഴാണ്, ഞങ്ങളുടെ കൈ ചോറിൽ പതിയുന്നത്. ഇത് ഞാൻ പറഞ്ഞതല്ല. മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടി ഒരിക്കൽ പറഞ്ഞതാണ്. മനസ്സ് കൊണ്ട് ഓരോ പ്രിയപ്പെട്ട കർഷകർക്ക് ഒപ്പവും എന്റെ മനസ്സിന്റെ പ്രാർത്ഥനയുണ്ട്. ജയ് ജവാൻ.. ജയ് കിസാൻ.. സ്കൂൾ തലം മുതൽ പഠിച്ചതാണ്. മറക്കില്ല മരണം വരെ..”, മനോജ് കുമാർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു.
നിമിഷനേരം കൊണ്ട് തന്നെ മനോജിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. അതേസമയം പ്രസാദിന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ഇതിന് വേണ്ട റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രസാദിന്റെ മരണം വിഷമുള്ളിൽ ചെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.