1977-ൽ പുറത്തിറങ്ങിയ ‘വിടർന്ന മൊട്ടുകൾ’ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് ഇങ്ങോട്ട് മുന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇന്നും സ്ഥാനമുള്ള അഭിനയത്രിയായിരുന്നു കല്പന. ഒരു പക്ഷേ കോമഡി റോളുകളിൽ കല്പന നമ്മളെ ചിരിപ്പിച്ചിട്ടുള്ളത് പോലെ മറ്റൊരു നടിയും ചിരിപ്പിച്ചിട്ടുണ്ടാവില്ല. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും കല്പന അഭിനയിച്ചിരുന്നു.
തികച്ചും അപ്രതീക്ഷിതമായിരുന്നു കല്പനയുടെ വിയോഗം. 2016-ൽ ‘ഊപ്പിരി’ എന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക് പോയിരുന്നു. ജനുവരി 25 ന്, കല്പനയെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടനെ തന്നെ അണിയറ പ്രവർത്തകർ കല്പനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ ഹൃദയാഘാതത്തെ തുടർന്ന് കല്പനയുടെ മരണം സംഭവിച്ചിരുന്നു.
മലയാളികളെ രസിപ്പിച്ചുകൊണ്ടിരുന്ന കല്പനയുടെ അപ്രതീക്ഷിതമായ വിയോഗം താരങ്ങളെ ഉൾപ്പടെയുള്ളവരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ദുൽഖർ നായകനായി അഭിനയിച്ച ചാർളിയിലാണ് കല്പന അവസാനമായി അഭിനയിച്ചത്. നടിമാരായ ഉർവശിയും കലാരഞ്ജിനിയും കല്പനയുടെ സഹോദരിമാരായിരുന്നു. കല്പനയുടെ ആറാം ചരമവാർഷികമാണ് ഇന്ന്.
ഉർവശിയുടെ ആദ്യ ഭർത്താവായ നടൻ മനോജ് കെ ജയൻ കല്പനയുടെ ഓർമ്മകളിൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ശ്രദ്ധനേടുകയാണ്. കല്പനയ്ക്ക് തുല്യം കല്പന മാത്രമാണെന്നും മലയാള സിനിമയിൽ കല്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നുവെന്നും സത്യസന്ധവും വ്യക്തമായ നിലപാടുകളിലൂടെയും സഞ്ചരിച്ചിരുന്ന വ്യക്തിത്വമായിരുന്നു കല്പനയെന്നും മനോജ് കുറിച്ചു. മരണം വരെയും തന്നെ സഹോദര തുല്യനായിട്ടാണ് കല്പന കണ്ടതെന്നും മനോജ് കുറിച്ചു.