‘എത്ര ഇരുട്ടിയാലും സൂര്യൻ വീണ്ടും പ്രകാശിക്കും..’ – പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടി മഞ്ജു വാര്യർ

പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് അതി ശക്തമായ തിരിച്ചുവരവ് നടത്തി ഇപ്പോൾ മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് എത്തി നിൽക്കുന്ന താരമാണ് നടി മഞ്ജു വാര്യർ. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. സല്ലാപത്തിലെ രാധയാണ് മഞ്ജുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

ഈ പുഴയും കടന്ന് എന്ന സിനിമയിലെ പ്രകടനത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയ മഞ്ജു, പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു. കണ്ണെഴുതി പൊട്ടും തൊട്ടായിരുന്നു ആദ്യ വരവിലെ മഞ്ജുവിന്റെ അവസാന ചിത്രം. അതിന് ദേശീയ അവാർഡിൽ പ്രതേക പരാമർശത്തിന് അർഹയാവുകയും ചെയ്തു മഞ്ജു.

1998-ലായിരുന്നു നടൻ ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം. മീനാക്ഷി എന്ന പേരിൽ ഒരു മകളും താരത്തിനുണ്ട്. പിന്നീട് 2014-ൽ മഞ്ജുവും ദിലീപുമായി വേർപിരിയുകയും 2015-ൽ നിയമപരമായി തന്നെ ആ ബന്ധം വേർപ്പെടുത്തുകയും ചെയ്തു. അതിന് ശേഷമായിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. തിരിച്ചുവരവിലെ ആദ്യ ചിത്രമായ ഹൗ ഓൾഡ് ആർ യു വലിയ ഹിറ്റാവുകയും ചെയ്തു.

മോഹൻലാലിനൊപ്പം തിരിച്ചുവരവിൽ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു. നായികാപ്രാധാന്യമുള്ള സിനിമകളും മഞ്ജു ചെയ്യുകയും സൂപ്പർസ്റ്റാറുകൾ ഇല്ലാതെ തന്നെ ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ ആവുകയും ചെയ്യുന്നുണ്ട്. മഞ്ജുവിന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “എത്ര ഇരുട്ടിയാലും സൂര്യൻ വീണ്ടും പ്രകാശിക്കും..”. എന്ന ക്യാപ്ഷൻ നൽകിയാണ് മഞ്ജു ചിത്രങ്ങൾ പങ്കുവച്ചത്.