‘ഞാനൊരു ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 വർഷങ്ങളായി, അതിന്റെ ആവശ്യമില്ല..’ – തുറന്ന് പറഞ്ഞ് നടൻ മമ്മൂട്ടി

25 വർഷമായി താൻ അഭിനയിക്കുമ്പോൾ കരയാൻ വേണ്ടി ഗ്ലിസറിൻ ഉപയോഗിക്കാറില്ലെന്ന് നടൻ മമ്മൂട്ടി. പുതിയ സിനിമയുടെ പ്രൊമോഷന്റെ അഭിമുഖത്തിലാണ് മമ്മൂട്ടി ഈ കാര്യം പറഞ്ഞത്. അഭിനയത്തോടൊപ്പം ഇഷ്ടത്തെ കുറിച്ച് മമ്മൂട്ടിയും അതിന് എന്ത് വേണമെന്ന് നടൻ വിജയരാഘവനും സംസാരിച്ചു. “സിനിമയിൽ വരുന്നതിന് മുമ്പ് ഞാനൊരു അഭിനയ പ്രാന്തനായിരുന്നു. അത് ഇന്നല്ല പണ്ട് മുതലേ തുടങ്ങിയതാണ്.

അതില്ലെങ്കിൽ ഞാൻ സിനിമ നടനാവുകയില്ല. ഞാൻ സിനിമ നടനായില്ലെങ്കിൽ സിനിമയ്ക്ക് തീ പിടിക്കുമെന്ന് ഞാൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നെ സിനിമ നടനാക്കിയെ പറ്റൂ മലയാള സിനിമ. അത്രത്തോളം ഞാനിതിന് മോഹിച്ചതാണ്. അല്ലാതെ എന്നെ തട്ടിക്കളയാൻ സിനിമയ്ക്ക് പറ്റില്ല. എന്നെ പോലെ മോഹിക്കുന്ന ഒത്തിരി പിള്ളേരില്ലെന്നല്ല! അവരൊക്കെ സിനിമയിൽ വരട്ടെ. മോഹിച്ചാൽ മാത്രം പോരാ. അതിന് വേണ്ടി പരിശ്രമിക്കണം.

സിനിമയിലൊരു നടനാവണമെങ്കിൽ നല്ല അധ്വാനം ഉണ്ടാവണം. അഭിനയിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ തന്നെ മാറ്റങ്ങളുണ്ടാകും. ബിപി കൂടാം, ചൂടാവുമ്പോൾ വിയർക്കാം, ഞാനൊരു ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 വർഷങ്ങളായി. കാരണം അതിന്റെ ആവശ്യമില്ല..”, മമ്മൂട്ടി പറഞ്ഞു. അഭിനയത്തെ കുറിച്ച് വിജയരാഘവനും അഭിമുഖത്തിൽ സംസാരിച്ചു. “അഭിനയിക്കുമ്പോൾ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവണം. സ്റ്റാർട്ട് ക്യാമറ ആക്ഷൻ പറയുമ്പോൾ ആ സന്ദർഭം അഭിനയിക്കണം. കട്ട് പറയുമ്പോൾ അവിടെ നിർത്താൻ പറ്റണം. ഇത് നമ്മൾ തന്നെ നിയന്ത്രിക്കണം.

ഇയാൾ എങ്ങനെ നടക്കണം, എങ്ങോട്ട് നോക്കണം, നൂറ് ശതമാനവും നമ്മുടെ നിയന്ത്രണത്തിൽ ആക്കണം ആ കഥാപാത്രം. എന്നാലേ ആ കഥാപാത്രം വ്യത്യസ്തമാക്കാൻ പറ്റുകയുള്ളൂ. ഇത് വാചകത്തിൽ പറയുന്നതല്ല. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ്. ചുമ്മാ സിനിമ നടനാകാൻ പറ്റുകയില്ല. വേണേൽ ഭംഗിക്ക് പറയാം ആർക്ക് വേണേലും അഭിനയിക്കാമല്ലോ! അഭിനയിക്കാം.. ഒന്നോ രണ്ടോ സിനിമയിലൊക്കെ അഭിനയിക്കാം. പക്ഷേ നടൻ ആവണമെങ്കിൽ അത്യാവശ്യം നല്ല പണി എടുക്കണം..”, വിജയരാഘവൻ പറഞ്ഞു.