‘പാർട്ടി പറഞ്ഞാൽ ഞാൻ ഇലക്ഷന് നിൽക്കും! പക്ഷേ ആഗ്രഹമൊന്നുമില്ല..’ – തുറന്ന് പറഞ്ഞ് നടൻ ഭീമൻ രഘു

ഇടതുപക്ഷത്തിന്റെ കടുത്ത അനുഭാവിയായി മാറിയിരിക്കുകയാണ് നടൻ ഭീമൻ രഘു. തന്റെ സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്ക് പോലും ഒരു ഇടതുപക്ഷക്കാരനായിട്ടാണ് ഭീമൻ രഘു എത്തുന്നത്. പുതിയ സിനിമയായ മിസ്റ്റർ ഹാക്കറിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് ചെങ്കൊടിയും പിടിച്ചുകൊണ്ടാണ്. ചലച്ചിത്രദാന ചടങ്ങളിൽ എഴുന്നേറ്റ് നിന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

അഭിമുഖത്തിൽ ഭീമൻ രഘു ഇടതുപക്ഷം തന്നെ വീണ്ടും ഭരിക്കുമെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ, “അടുത്ത തിരഞ്ഞെടുപ്പിലും ഇടതുപക്ഷം തന്നെ വിജയിക്കും. എനിക്ക് ഉറപ്പ് പറയാൻ കഴിയും. പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയും ആകും. അതിൽ യാതൊരു സംശയവുമില്ല. മുഖ്യമന്ത്രി എന്ന നിലയിൽ ആദരവും പ്രകടിപ്പിക്കാണ് ഞാൻ എഴുന്നേറ്റ് നിന്നത്. എന്റെ സംസ്കാരമാണ് ഞാൻ അവിടെ കാണിച്ചത്.

ഞാൻ ആ നിൽപ്പ് നിന്നത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ നിൽക്കാൻ വേണ്ടിയാണെന്ന് ട്രോളുകൾ ഉണ്ടായിരുന്നു. പിന്നെ പാർട്ടി പറയുകയാണെങ്കിൽ ഞാൻ തീർച്ചയായും നിൽക്കും. അത് വേറെ കാര്യം. വ്യക്തമായ ഭരണഘടനയുള്ള പാർട്ടിയാണ് അത്. എനിക്കായിട്ട് ഒരു അഭിപ്രായം അതിൽ എനിക്ക് പറയാൻ പറ്റില്ല. ബിജെപിയിൽ ഉണ്ടായിരുന്നപ്പോൾ അവർ എന്നെ മനപൂർവം ഒഴിവാക്കുന്നത് പോലെ തോന്നിയിട്ടുണ്ട്. കോളേജിൽ പഠിക്കുന്ന സമയത്ത് എനിക്കൊരു ഇടതുപക്ഷ ചായ്‌വ് ഉണ്ടായിരുന്നു.

ഈ സിനിമ ഒരു സഖാവിന്റെ സിനിമയാണ്. അതുകൊണ്ടാണ് ഞാൻ കൊടിയുമായി എത്തിയത്. ഇയാൾ എന്തിനാണ് കൊടിയുമായി വന്നതെന്ന് ആളുകൾ സോഷ്യൽ മീഡിയയിൽ ചോദിക്കുമല്ലോ. സിനിമയ്ക്ക് വേണ്ടി ആണെന്ന് അറിയുമ്പോൾ പ്രൊമോഷൻ ആകുമല്ലോ! പാർട്ടിയിൽ കയറി എന്ന് പറഞ്ഞാൽ ഉടനെ മന്ത്രി സ്ഥാനം കിട്ടുമോ? ചെന്നാൽ മതി വച്ചേക്കുവല്ലേ.. പാർട്ടി പറഞ്ഞാൽ ഞാൻ നിൽക്കും.. അല്ലാതെ അങ്ങോട്ട് കയറി ആവശ്യപ്പെടില്ല. അങ്ങനെയൊരു ആഗ്രഹവുമില്ല എനിക്ക്..”, ഭീമൻ രഘു പറഞ്ഞു.

പാർട്ടി പറഞ്ഞാൽ മത്സരിക്കും, ജയിക്കും എംഎൽഎ ആകും. മന്ത്രി ആകണമെന്നത് ഞാനല്ല തീരുമാനിക്കുന്നത്. അത് ഞങ്ങൾ ജയിച്ച എംഎൽഎമാരെല്ലാം കൂടി ചേർന്നായിരിക്കും തീരുമാനിക്കുന്നത്. പക്ഷേ ഞാൻ വന്നു കയറി വന്നയൊരാളാണ്. എന്നെക്കാൾ സീനിയറായിട്ടുള്ളവർ ഒരുപാടുണ്ട്. ഇനി നിർത്തിയാൽ ജയിച്ചാൽ എവിടെയാണോ അവിടെയുള്ളവർക്ക് നല്ലനല്ല കാര്യങ്ങൾ ചെയ്യണമെന്നാണ് മറ്റൊരു അഭിമുഖത്തിൽ ഭീമൻ രഘു പറഞ്ഞത്.