‘മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം, ‘പുഴു’ ഷൂട്ടിംഗ് ആരംഭിച്ചു..’ – ചിത്രങ്ങൾ കാണാം!
മമ്മൂട്ടിയും നടി പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ പുഴുവിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിങ്ങം ഒന്നായ ഇന്ന് എറണാകുളത്തെ ചോയ്‌സ് സ്കൂളിൽ വച്ചായിരുന്നു സിനിമയുടെ പൂജ ചടങ്ങുകൾ നടന്നത്. നവാഗതയായ റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന ചിത്രം സിൻ സിൽ സെല്ലുലോയ്ഡിൻറെ ബാനറിൽ എസ്. ജോർജ്ജ് ആണ് നിർമ്മിക്കുന്നത്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് സിനിമയുടെ സഹനിർമ്മാണവും വിതരണവും ചെയ്യുന്നത്. മമ്മൂട്ടി തന്നെ നായകനായ ഉണ്ടയുടെ തിരക്കഥാകൃത്തായ ഹർഷദിന്റെ കഥയിൽ സുഹാസും ഷർഫുവും ഹർഷാദും ചേർന്നാണ് പുഴുവിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വൈറസിന് ശേഷം സുഹാസും ഷർഫുവും വീണ്ടും തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രതേകതയും ചിത്രത്തിനുണ്ട്.
മമ്മൂട്ടിയുടെ അഭിനയമികവ് പ്രകടിപ്പിക്കുന്ന സിനിമകളിൽ ഒന്നായിരിക്കും ഇതെന്ന് തിരക്കഥാകൃത്തുക്കളിൽ ഒരാളായ ഹർഷാദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാർവതി കൂടി മമ്മൂട്ടിക്ക് ഒപ്പം ഒന്നിക്കുന്നതോടെ സിനിമയ്ക്ക് ഗംഭീര ഹൈപ്പാണ് ഉണ്ടായിരിക്കുന്നത്. കസബ വിഷയത്തിന് ശേഷം മമ്മൂട്ടിയും പാർവതിയും ഒരുമിച്ച് സിനിമ ചെയ്യുമോ എന്നുവരെ ആരാധകർ സംശയിച്ചിരുന്നു.
പാർവതിയും ദുൽഖറുമായിട്ടുള്ള സൗഹൃദബന്ധത്തിന് വരെ വിള്ളൽ വീണെന്നായിരുന്നു ആ സംഭവത്തിന് ശേഷം ഗോസിപ്പുകൾ പ്രചരിച്ചത്. എന്തായാലും അതിനെല്ലാം തിരശീല ഇട്ടുകൊണ്ടാണ് മമ്മൂട്ടിയും പാർവതിയും ആദ്യമായി സിനിമയിൽ ഒന്നിച്ചിരിക്കുന്നത്. സിനിമയുടെ പൂജ ചടങ്ങുകളുടെയും മമ്മൂട്ടിയുടെ ഫോട്ടോഷൂട്ടിന്റെയും ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.