‘മെഗാസ്റ്റാർ എന്ന് പറഞ്ഞ് നടക്കാറില്ല, എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോട് ഉള്ള ആർത്തിയാണ്..’ – നടൻ മമ്മൂട്ടി

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത എബ്രഹാം ഓസ്‌ലർ എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ രണ്ടാം ദിനം ഓടിക്കൊണ്ടിരിക്കുകയാണ്. ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും തിയേറ്ററുകളിൽ മിഥുൻ മാനുവൽ എന്ന സംവിധായകനോടുള്ള വിശ്വാസത്തിലും മമ്മൂട്ടി എന്ന താരത്തിന്റെ ഗസ്റ്റ് റോൾ കൊണ്ടും മുന്നേറി കൊണ്ടിരിക്കുകയാണ്.

പലയിടത്തും ഹൗസ് ഫുൾ ഷോകളാണ് നടകുന്നത്. ഇന്ന് ക്യാപ്റ്റൻ മില്ലർ എന്ന തമിഴ് ധനുഷ് ചിത്രം റിലീസ് ചെയ്തതെങ്കിലും ഓസ്‌ലറിന് മികച്ച പ്രതികരണമാണ് തന്നെയാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ദിനം കഴിഞ്ഞപ്പോൾ തന്നെ സിനിമയുടെ അണിയറപ്രവർത്തകർ എല്ലാം സക്സസ് മീറ്റ് കൊച്ചിയിൽ നടത്തുകയും ചെയ്തു. സിനിമയിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങൾ അതിൽ പങ്കെടുത്തു.

മമ്മൂട്ടിയും എത്തിയിരുന്നു. അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. “ഒരു കഥാപാത്രം ചെയ്തേക്കാം എന്ന് പറഞ്ഞ് ഒന്നും ഞാൻ ചെയ്യില്ല. ചെയ്യണമെന്ന് കരുതി ചെയ്യുന്നതാണ്. അങ്ങനെയാണ് എല്ലാ സിനിമയും ചെയ്യാറുള്ളത്. നാല്പത്തി രണ്ട് വർഷമായി സിനിമയിൽ. ഇതൊരു ഭാരം ആണെങ്കിൽ എവിടെയെങ്കിലും ഇറക്കി വെക്കില്ലേ.. ഈ ഭാരം ചുമ്മാക്കുന്ന സുഖമാണ് സുഖം.

സൂപ്പർസ്റ്റാർ ഈ വേഷമേ ചെയ്യാവൂ എന്നൊന്നുമില്ല. ഓരോത്തർക്കും അവരവരുടെ താല്പര്യം കാണില്ലേ. ഞാൻ ഈ മെഗാസ്റ്റാർ എന്ന് പറഞ്ഞ് നടക്കുന്ന ആൾ ഒന്നുമല്ല. എനിക്ക് കഥാപാത്രങ്ങളോടുള്ള ആർത്തി ഇപ്പോഴും അവസാനിച്ചിട്ടില്ല. ഞാൻ നടൻ ആകാൻ ആഗ്രഹിച്ച ആളാണ്. ഇപ്പോഴും ആ ആഗ്രഹം കൊണ്ട് നടക്കുന്ന ഒരാളാണ്. ഇതുവരെ പൂർത്തിയായിട്ടില്ലെന്നേ ഉള്ളൂ..”, മമ്മൂട്ടി പ്രസ് മീറ്റിൽ മാധ്യമങ്ങളോട് പറഞ്ഞു.