‘കലാമണ്ഡലത്തിൽ നിന്ന് അടിച്ചിറക്കിവിടണം, ഇത് ഡ്യൂപ്ലിക്കേറ്റ് കലാമണ്ഡലം സത്യഭാമ..’ – പ്രതികരിച്ച് മല്ലിക സുകുമാരൻ

ആർഎൽവി രാമകൃഷ്ണൻ-കലാമണ്ഡലത്തിൽ പഠിച്ച സത്യഭാമ വിഷയത്തിൽ പ്രതികരിച്ച് നടി മല്ലിക സുകുമാരൻ. സത്യഭാമയെ രൂക്ഷമായി വിമർശിച്ചാണ് മല്ലിക പ്രതികരിച്ചത്. “ഈ പറയുന്ന കലാമണ്ഡലം സത്യഭാമ ഒറിജിനൽ സത്യഭാമ ടീച്ചറല്ല. ഞാൻ ഒരുപാട് ബഹുമാനിച്ചൊരു ടീച്ചറാണ് കലാമണ്ഡലം സത്യഭാമ സീനിയർ. ആരോ പറഞ്ഞതുപോലെ മല്ലിക എന്ന് പേരിട്ടാൽ എല്ലാ മല്ലികാമാരും ഒരുപോലെ ഇരിക്കുമോ? ഒരിക്കലും ഒരു അദ്ധ്യാപികമാർ പറയാൻ പാടില്ലാത്ത കാര്യമാണ് അവർ പറഞ്ഞത്.

എവിടുത്തെ അദ്ധ്യാപികയാണ് ഇവർ! ഇവർക്കെതിരെ വേണം സർക്കാർ ചോദിക്കാൻ.. നിറത്തിന്റെ അടിസ്ഥാനത്തിലാണോ മനുഷ്യന്റെ രീതികൾ നിശ്ചയിക്കുന്നത്.കറുപ്പ് ആയതുകൊണ്ടാണോ? ഈ പറയുന്ന സ്ത്രീ ആരാ വെളുത്ത മദാമ്മയാണോ? അവർക്കും അത്ര നിറമൊന്നുമില്ല. ഞാൻ പുറത്തിറങ്ങി, എന്നെ കണ്ടാൽ ഭയങ്കര സുന്ദരിയാണെന്ന് പറഞ്ഞാൽ നിങ്ങൾ ചിരിക്കില്ലേ. തള്ളയ്ക്ക് എന്തോ കുഴപ്പമുണ്ട് എന്നല്ലേ വിചാരിക്കൂ.. എന്ത് പറയാനാണ് ഇവരോടൊക്കെ.. ഇത് കണ്ടപ്പോൾ എനിക്ക് ആദ്യം തോന്നിയത്, ഇവരാണോ കുട്ടികളെ പഠിപ്പിക്കുന്നത് എന്നാണ്.

അധ്യാപകർ എന്ന് പറഞ്ഞാൽ നമ്മുടെ മനസ്സിലൊരു സങ്കല്പമുണ്ട്. പറയുന്ന ഭാഷയ്ക്ക് ഒരു സഭ്യത വേണം. ഇവരെയൊക്കെ അല്ലെങ്കിൽ സമൂഹത്തിൽ ആര് മൈൻഡ് ചെയ്യും. ഇത്രയും കുറ്റം പറയാൻ കലാഭവൻ മണിയുടെ അനിയൻ രാമകൃഷ്ണന് എന്താണ് കുഴപ്പം? എനിക്ക് ഒരു കുഴപ്പവും തോന്നിയില്ല. മനോഹരമായിട്ട് അങ്ങേര് നൃത്തം ചെയ്യുന്നുണ്ട്. ഇവര് എന്താ മോഹിനി ആണെന്നാണോ? തന്നത്താൻ പറയുകയാ.. മോഹിനിയുടെ ഏഴ് അയലത്ത് വരാത്ത ഇവരാണോ കുറ്റം പറയുന്നത്. വിഷമം തോന്നിയതുകൊണ്ട് ഞാൻ അങ്ങ് പറഞ്ഞതാണ് ഇത്.

ഒരു നിറത്തിന്റെ അടിസ്ഥാനത്തിലല്ല ഒരു കലാകാരനെ വിലയിരുത്തേണ്ടത്. ഇങ്ങനെയൊക്കെ പറയുന്ന അദ്ധ്യാപികമാരെ ആദ്യം കലാമണ്ഡലത്തിൽ നിന്ന് അടിച്ചിറക്കിവിടണം. ആ ലേബൽ എടുത്തു കളയണം. അല്ലെങ്കിൽ കലാമണ്ഡലത്തിന് നാണക്കേടാണ്. എന്നോട് ചിലർ വിളിച്ച്, കലാമണ്ഡലം സത്യഭാമ മരിച്ചില്ലേ എന്ന് ചോദിച്ചു. ഞാൻ അവരോട് പറഞ്ഞു, നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ മരിച്ചു. ഇത് ഡ്യൂപ്ലിക്കേറ്റ്, ഡമ്മി! ഞാൻ ഇങ്ങനെ ഒരിടത്തും പ്രതികരിച്ചിട്ടില്ല. എനിക്ക് അത്രയും സങ്കടം തോന്നിയിട്ടാണ്..”, മല്ലിക സുകുമാരൻ പറഞ്ഞു.