‘ഞാൻ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ആ സംഭവം, തളർന്നിരുന്ന എനിക്ക് അദ്ദേഹം വെള്ളം തന്നു..’ – രാമകൃഷ്ണനെ പിന്തുണച്ച് നടി മിയ

ആർഎൽവി രാമകൃഷ്ണന് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി പേരാണ് ദിനവും മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നടി മിയ ജോർജ് രാമകൃഷ്ണനുമായുള്ള ഒരു നല്ല അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് അദ്ദേഹത്തിന് പിന്തുണ അറിയിച്ചിരിക്കുകയാണ്. പ്ലസ് വണിന് സ്കൂൾ കലോത്സവത്തിൽ പങ്കെടുമ്പോഴുള്ള ഒരു അനുഭവമാണ് മിയ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞത്. അദ്ദേഹത്തിന്റെ നല്ല മനസ്സിനെ കുറിച്ച് മിയ ഓർത്തെടുത്തു.

“ആർഎൽവി രാമകൃഷ്ണൻ സാറിന് എതിരെ വളരെ അധിക്ഷേപിക്കുന്ന രീതിയിൽ ഒരാൾ സംസാരിക്കുന്ന വീഡിയോ കാണാൻ ഇടയായി.. ഈ അവസരത്തിൽ രാമകൃഷ്ണൻ സാറിനെ കുറിച്ച് എനിക്കുണ്ടായ ഒരു നല്ല അനുഭവം ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. കുറെ വർഷങ്ങൾക്ക് മുമ്പ് ഞാൻ പ്ലസ് വണിന് പഠിക്കുന്ന സമയത്ത്, പാലായിൽ വച്ച് കോട്ടയം ജില്ലാ കലോത്സവം നടക്കുകയായിരുന്നു. മോഹിനിയാട്ടത്തിന് ഒന്നാമതായിട്ട് ഞാൻ സ്റ്റേജിൽ കയറികളിച്ചു.

ഒരു എട്ടര മിനിറ്റ് ഒക്കെയായപ്പോൾ പാട്ട് നിന്നുപോയി. പക്ഷേ ഞാൻ അത് പൂർത്തീകരിച്ചു. പാട്ടില്ലാതെ തന്നെ ഞാൻ അത് പൂർണമാക്കി കളിച്ചു. എന്തെങ്കിലും ടെക്നിക്കൽ ഇറർ കൊണ്ട് പാട്ട് നിന്ന് പോയാൽ വീണ്ടും അവസരം കൊടുക്കണമെന്നൊരു നിയമമുണ്ടല്ലോ. എന്റെ മമ്മി അത് പോയി സംസാരിച്ചു. എനിക്ക് വീണ്ടും കളിക്കാൻ അവസരം കിട്ടി. അഞ്ച്-ആറ് കുട്ടികൾ കഴിഞ്ഞിട്ടാണ് പിന്നീടുള്ള അവസരം. അപ്പോൾ ഞാൻ പിറകിലുള്ള റസ്റ്റ് ചെയ്യാനുള്ള റൂമിലേക്ക് പോയി.

അവിടെ വച്ച് രാമകൃഷ്ണൻ സാറിനെ കണ്ടു. അദ്ദേഹത്തിന്റെ ഒരു ശിഷ്യ പങ്കെടുക്കാൻ ഉണ്ടായിരുന്നു. എന്ത് പറ്റി എന്ന് എന്നോട് ചോദിച്ചു. പാട്ട് നിന്നുപോയി, വീണ്ടും കളിക്കണമെന്ന് ഞാൻ പറഞ്ഞു. അയ്യോ.. മോൾ റെസ്റ്റ് എടുക്കൂ.. വെള്ളം വേണോ എന്ന് ചോദിച്ചു. രാമകൃഷ്ണൻ സാറിന്റെ കുട്ടിക്ക് കഴിക്കാൻ വച്ചിരുന്ന ഓറഞ്ച് ഒകെ എനിക്ക് എടുത്തു തന്നു. എന്നോട് ടെൻഷൻ ഒന്നുമില്ലാതെ സമാധാനമായിട്ട് പോയി കളിച്ചാൽ മതിയെന്ന് പറഞ്ഞു. എനിക്ക് വേണ്ട എല്ലാ സപ്പോർട്ടും തന്ന് എന്നെ സ്റ്റേജിലേക്ക് കയറ്റിവിട്ടു.

അങ്ങനെയാണ് ഞാൻ ആദ്യമായിട്ട് രാമകൃഷ്ണൻ സാറിനെ കാണുന്നത്. എനിക്ക് സാറിന്റെ പേര് പോലും അറിയില്ലായിരുന്നു. പിന്നീടാണ് കലാഭവൻ മണി ചേട്ടന്റെ അനിയൻ ആണെന്ന് ആരോ പറഞ്ഞത്. മണിച്ചേട്ടന്റെ അനിയനെ കണ്ടല്ലോ എന്ന സന്തോഷത്തിലാണ് ഞാൻ പോയത്. മത്സരത്തിൽ എനിക്ക് ഫസ്റ്റും കിട്ടി.. സാറിന്റെ കുട്ടിയുടെ ഓപ്പോസിറ്റ് മത്സരിക്കാൻ വന്നിട്ടും, തളർന്നിരിക്കുന്ന ഒരാൾക്ക് വെള്ളം കൊടുക്കാനും ഓറഞ്ച് കൊടുക്കാനും ഒന്നും ഒരു മടി കാണിച്ചില്ല.

ഒരു മാതൃസ്നേഹം പോലെയാണ് അദ്ദേഹത്തിൽ നിന്ന് കിട്ടിയത്. പോസിറ്റീവായി മാത്രം എല്ലാത്തിനെയും കാണുന്ന ഒരാളാണ് അദ്ദേഹം. ആ സമയത്ത് ഒന്നും ഞാൻ നടിയായിട്ടില്ല. അതൊരു നല്ല അനുഭവമായിരുന്നു എനിക്ക്. അദ്ദേഹം എത്ര നല്ല കലാകാരനാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കറകളഞ്ഞ ഒരു നല്ല കലാകാരനാണ്, ഒരു നല്ല മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം നേരിട്ടതുപോലെ ഒരു അനുഭവം വേറെയാർക്കും ഉണ്ടാകാൻ പാടില്ല. എല്ലാവരും അദ്ദേഹത്തിന് ഒപ്പമുണ്ട്, ഞാനും..”, മിയ വീഡിയോയിൽ പറഞ്ഞു.