‘മച്ചമ്പിയെ.. ആ വിളി ഇനിയില്ല!! നടൻ കൊച്ചു പ്രേമൻ അന്തരിച്ചു..’ – കണ്ണീരോടെ സിനിമ ലോകം

പ്രശസ്ത സിനിമ, സീരിയൽ, നാടക നടനായ കൊച്ചു പ്രേമൻ അന്തരിച്ചു. കെ.എസ് പ്രേംകുമാർ എന്ന കൊച്ചു പ്രേമൻ മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള അഭിനേതാവായിരുന്നു. തന്റെ വേറിട്ട ശബ്ദം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ച കൊച്ചുപ്രേമൻ 1996-ൽ പുറത്തിറങ്ങിയ ദിലിവാലി രാജകുമാരൻ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ കലാകാരനാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. ഇപ്പോൾ സീരിയലുകളിൽ സജീവമായി നിൽക്കുന്ന കൊച്ചുപ്രേമൻ, ടെലിവിഷൻ ചാനലുകളിൽ സംപ്രേക്ഷണം ചെയ്തുവരുന്ന കൂടെവിടെ, മിസ്സിസ് ഹിറ്റലർ, കളിവീട്, ഉരുളയ്ക്ക് ഉപ്പേരി തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. സീരിയൽ ലോകത്തിന് മാത്രമല്ല സിനിമ ലോകത്തിനും തീരാനഷ്ടം തന്നെയാണ് കൊച്ചു പ്രേമൻ.

കിംഗ് ഫിഷ്, കടുവ, വാശി, കൊച്ചാൾ, ആറാട്ട് തുടങ്ങിയ ഈ വർഷമിറങ്ങിയ നിരവധി സിനിമകളിൽ കൊച്ചു പ്രേമൻ അഭിനയിച്ചിട്ടുണ്ട്. 1979-ൽ പുറത്തിറങ്ങിയ ഏഴുനിറങ്ങൾ എന്ന സിനിമയിലാണ് കൊച്ചു പ്രേമൻ ആദ്യമായി അഭിനയിക്കുന്നത്. അതിന് മുമ്പും ശേഷവും നാടക രംഗത്ത് സജീവമായി നിന്ന് കൊച്ചുപ്രേമൻ തൊണ്ണൂറുകളുടെ അവസാനമാണ് സിനിമയിൽ സജീവമായി അഭിനയിക്കാൻ തുടങ്ങിയത്.

തെങ്കാശിപ്പട്ടണത്തിലെ മച്ചമ്പിയെ എന്ന വിളി മാത്രം മതി അദ്ദേഹത്തെ ഓർത്തിരിക്കാൻ. മലയാളികൾ ഓർമ്മിക്കാൻ നിരവധി കഥാപാത്രങ്ങൾ കൊച്ചുപ്രേമൻ ചെയ്തിട്ടുണ്ട്. കൂടുതലും കോമഡി റോളുകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുണ്ടായിരുന്നത്. സീരിയലുകളിലും ഒരു സമയം വരെ കോമഡി പരമ്പരകളിൽ ആയിരുന്നു അദ്ദേഹം അഭിനയിച്ചിരുന്നത്. മലയാള സിനിമയ്ക്ക് ഒരു ഹാസ്യനടനെ കൂടി നഷ്ടമായിരിക്കുകയാണ്.