‘നടി കനകലത അന്തരിച്ചു! സ്വന്തം പേര് പോലും മറന്ന അവസ്ഥ, രോഗ ദുരിതങ്ങളുടെ അവസാനകാലം..’ – കണ്ണീരോടെ സിനിമ ലോകം

മലയാളി നടി കനകലത അന്തരിച്ചു. 59 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം കുറച്ച് വർഷമായി ദുരിതാവസ്ഥയിൽ ആയിരുന്നു കനകലത. കഴിഞ്ഞ വർഷം സഹോദരി വിജയമ്മ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കനകലതയുടെ രോഗവിവരത്തെ കുറിച്ച് പറഞ്ഞത്. സ്വന്തം പേര് പോലും മറന്ന അവസ്ഥയിലായിരുന്നു കനകലത എന്ന് സഹോദരി പറഞ്ഞിരുന്നു.

2021 മുതലാണ് കനകലതയിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആദ്യം ലോക്ക് ഡൗൺ നാളുകളിൽ വീട്ടിൽ ഇരുന്നതിന്റെ പ്രശ്നം ആയിരിക്കുമെന്നാണ് കരുതിയത്. 2022-ൽ ഡോക്ടറെ കാണിച്ചപ്പോഴാണ് ഡിമൻഷ്യ എന്ന രോഗം ആണെന്ന് അറിഞ്ഞത്. കാലക്രമേണ ആഹാരം കഴിക്കാതെ വരുമെന്നും ട്യൂബിലേക്ക് മാറുമെന്നൊക്കെ ഡോക്ടർ പറഞ്ഞിരുന്നു. പോകെപ്പോകെ ഭക്ഷണം കഴിക്കുന്നത് നിർത്തി. സംസാരം പോലും കുറഞ്ഞു.

പൂർണമായും രോഗത്തിന് പിടിയിലാവുകയും ചെയ്തു. അമ്മ സംഘടനയിൽ നിന്ന് മാസം 5000 രൂപ കിട്ടുമായിരുന്നു എന്നും പലരും സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞിരുന്നു. നാടകത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് കനകലത. സിനിമയിൽ സഹനടി വേഷങ്ങളിലും കോമഡി വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ കനകലത 350-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ്.

ഒരു യാത്രാമൊഴി, ഗുരു, കിലുകിൽ പമ്പരം, ആദ്യത്തെ കണ്മണി, എഫ്ഐആർ, ആകാശഗംഗ, അഞ്ചരകല്യാണം, ദോസ്ത്, മന്ത്രമോതിരം, പ്രിയം, അനിയത്തിപ്രാവ്, മയിൽ‌പീലി കാവ്, കൗരവർ, കിരീടം, ജാഗ്രത, രാജാവിന്റെ മകൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം കനകലത അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും നിറസാന്നിധ്യം ആയിരുന്നു താരം. ആരോഗ്യം മോശമായപ്പോഴാണ് അഭിനയം നിർത്തിയത്.