മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ബ്രിട്ടീഷ് ഇന്ത്യയുടെ കാലഘട്ടത്തിൽ പരാജയപ്പെടാത്ത ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെയെങ്കിലും മോഹൻലാലിനെ ഒരു ഗുസ്തിക്കാരനായി മലയാളി പ്രേക്ഷകർക്ക് കാണാൻ സാധിക്കും.
പഠന കാലത്ത് സ്റ്റേറ്റ് ഗുസ്തി ചാമ്പ്യൻ ആയിരുന്നു മോഹൻലാൽ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ആ റോളിൽ മോഹൻലാലിന് അനായാസം ചെയ്യാൻ സാധിക്കുമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സോണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആർ ആചാരി, ഡാനിഷ് സെയിട്ട്, കാത്ത, മനോജ് മോസസ്, സുചിത്ര നായർ തുടങ്ങിയ താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്.
ടൈറ്റിൽ അന്നൗൺസ് ചെയ്ത ശേഷം മറ്റൊരു വിവരം പുറത്തുവിട്ടിട്ടില്ല. സെറ്റിൽ നിന്ന് ലീക്കായ ഒരു സ്റ്റിൽ പോലും പുറത്തുവന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങാൻ പോവുകയാണ്. ഏപ്രിൽ 14 വിഷുവിന്റെ അന്നാണ് പോസ്റ്റർ ഇറക്കുന്നത്. ഇത് അന്നൗൺസ് ചെയ്ത രീതിയും വ്യത്യസ്തമായ ഒരു പോസ്റ്റർ ഇറക്കികൊണ്ടാണ് എന്നതും ശ്രദ്ധേയമാണ്. ഒരു മലയ്ക്ക് മുകളിലേക്ക് നടന്നു നീങ്ങുന്ന കാല് പാടുകളാണ് ഇതിൽ കാണിച്ചിട്ടുള്ളത്.
രാജസ്ഥാനിലാണ് മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. അവിടെയുള്ള മൂന്ന് മാസത്തെ ഷൂട്ടിംഗ് ഈ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ജോൺ ആൻഡ് മേരി ക്രീയേറ്റീവ് സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ് സിനിമാസ് ആൻഡ് എന്റർടൈൻമെന്റ്, ആമേൻ മൂവി മൊണാസ്റ്ററി എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ, മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.