‘അവിശ്വസനീയമായ പ്രഭാവലയം!! നരേന്ദ്ര മോദിയെ കുറിച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്..’ – ഏറ്റെടുത്ത് മലയാളികൾ

ഈ കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ബിജെപി സംഘടിപ്പിച്ച വനിത സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തപ്പോൾ അവിടെ കാണാൻ പതിനായിരങ്ങൾ എത്തിയിരുന്നു. തൃശൂർ ലോകസഭ മണ്ഡലം പിടിച്ചെടുക്കാൻ വേണ്ടി കൂടിയാണ് മോദിയുടെ പരിപാടി അവിടെ സംഘടിപ്പിച്ചത്. നടൻ സുരേഷ് ഗോപിയെ ആയിരിക്കും തൃശ്ശൂരിൽ സ്ഥാനാർത്ഥിയാക്കുക എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുകയുമാണ്.

പരിപാടിയിൽ മോദിയ്ക്ക് ഒപ്പം നിന്ന് റോഡ് ഷോയിൽ പങ്കെടുക്കുന്ന സുരേഷ് ഗോപിയെയാണ് മലയാളികൾ കണ്ടത്. സുരേഷ് ഗോപിയോടുള്ള സ്നേഹവും ആവേശവും കൂടി പരിപാടിയിലെ വൻ ജനപങ്കാളിത്തത്തിന് ഒരു കാരണമായി പലരും കാണുന്നുണ്ട്. നരേന്ദ്ര മോദി തൃശ്ശൂരിൽ എത്തിയപ്പോൾ സുരേഷ് ഗോപിക്ക് ഒപ്പം അദ്ദേഹത്തിന്റെ മക്കളായ ഭാഗ്യ സുരേഷും, മാധവ് സുരേഷും കാണാൻ വേണ്ടി എത്തിയിട്ടുണ്ടായിരുന്നു.

മകൾക്ക് പ്രധാനമന്ത്രിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സുരേഷ് ഗോപി തന്നെ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. രണ്ടുപേരോടും മോദി സംസാരിക്കുകയും മാധവ് പ്രധാനമന്ത്രിക്ക് ഒരു സമ്മാനം കൈമാറുകയും ഒക്കെ ചെയ്തിരുന്നു. ഇപ്പോൾ മാധവ് തന്നെ പ്രധാനമന്ത്രിയെ നേരിൽ കണ്ടതിന്റെ സന്തോഷ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

“ഇത്തരമൊരു അവിശ്വസനീയമായ പ്രഭാവലയത്തിന്റെ സാന്നിധ്യത്തിൽ ആയിരിക്കുന്നത് തികച്ചും ആവേശകരമാണ്..”, മാധവ് പ്രധാനമന്ത്രിക്കും സഹോദരി ഭാഗ്യയ്ക്കും ഒപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചു. നിമിഷനേരംകൊണ്ടാണ് ചിത്രങ്ങൾ വൈറലായത്. അഭിരാമി സുരേഷ്, സാധിക വേണുഗോപാൽ, കൃഷ്ണകുമാറിന്റെ മകൾ ദിയ, അസീസ് നെടുമങ്ങാട് തുടങ്ങിയവർ പോസ്റ്റിന് താഴെ കമന്റും ഇട്ടിട്ടുണ്ട്.