‘വിശ്വസിക്കാൻ പറ്റുന്നില്ല, കനകയാണോ ഇത്! ഒറ്റയ്ക്കുള്ള ജീവിതം, ആളുകളോട് ഇടപഴകാൻ ഭയം..’ – നേരിൽ കണ്ട് കുട്ടി പദ്മിനി

തമിഴ് സിനിമകളിൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ തരംഗമായി മാറിയ നടിയും പിന്നീട് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ഗോഡ് ഫാദറിലൂടെ നായികയായി വരികയും ചെയ്ത താരമാണ് കനക. 2000-ൽ പുറത്തിറങ്ങിയ നരസിംഹം എന്ന ചിത്രത്തിലാണ് കനക അവസാനമായി അഭിനയിച്ചത്. അതിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിന്ന കനകയെ കുറിച്ച് പിന്നീട് അധികം വിവരങ്ങൾ വന്നില്ല.

ഇടയ്ക്ക് കനക കാൻസർ ബാധിച്ച് മരണത്തിന് കീഴടങ്ങിയെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് അച്ഛൻ തന്റെ സ്വത്തുക്കൾ തട്ടിയെടുത്തുവെന്ന് പറഞ്ഞ് രംഗത്ത് വന്നതോടെയാണ് കനക വീണ്ടും മാധ്യമങ്ങളിൽ നിറയുന്നത്. പിന്നീട് വീണ്ടും കനകയെ കുറിച്ച് ഒരു വിവരവും വന്നില്ല. ഇപ്പോഴിതാ കനകയ്ക്ക് ഒപ്പം പണ്ട് അഭിനയിച്ച കുട്ടി പദ്മിനി എന്ന താരം കനകയെ നേരിൽ കണ്ടതിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ്.

കനകയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും കുട്ടി പദ്മിനി പോസ്റ്റ് ചെയ്തിട്ടുണ്ട്. പണ്ട് സിനിമയിൽ കണ്ട കനകയിൽ നിന്ന് ഒരുപാട് മാറ്റമുണ്ട് ഇപ്പോൾ. ഇത് കനക തന്നെയാണോ എന്ന് പോലും ഒരു നിമിഷം സംശയിച്ചു പോകും. കനകയെ കണ്ടെത്തിയത് എങ്ങനെയാണെന്നും കുട്ടി പദ്മിനി വിവരിച്ചു. “ഒരുപാട് അന്വേഷിച്ചിട്ട് കനകയുടെ വീട് കണ്ടെത്തിയത്. വീട് അടച്ചിട്ടിരിക്കുക ആയിരുന്നു. പക്ഷേ അകത്ത് ലൈറ്റ് ഉണ്ടായിരുന്നു. അടുത്തുള്ള വീടുകാരോട് ചോദിച്ചപ്പോൾ എപ്പോൾ വരുമെന്നോ പോകുമെന്നോ അറിയില്ലെന്ന് പറഞ്ഞു. പെട്ടന്ന് കനക ഒരു ഓട്ടോയിൽ വന്നിറങ്ങി.

എന്നെ ഓർമ്മയുണ്ടോ എന്ന് ചോദിച്ചു. പിന്നെ ഓർക്കാതെ എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. ഏതെങ്കിലും ഷോപ്പിൽ പോയി ഒരു കാപ്പി കുടിക്കാമെന്ന് പറഞ്ഞപ്പോൾ എനിക്കൊപ്പം അവൾ കാറിൽ കയറി. നല്ല ബബ്ലി ആയിട്ട് ക്യൂട്ട് ആയിട്ടുണ്ട് കനക ഇപ്പോൾ. അവൾക്ക് ഇഷ്ടപ്പെട്ട കേക്ക് ഞാൻ വാങ്ങിക്കൊടുത്തു. പക്ഷേ ബില്ല് ഞാൻ കൊടുക്കാമെന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല. അവൾ തന്നെ കൊടുത്തു. അച്ഛനുമായി ഇപ്പോൾ സമരസത്തിലായി. സ്വത്തിന്റെ പേരിലുള്ള കോടതി പ്രശ്നങ്ങൾ ഒന്നുമില്ല.

എന്തിനാണ് ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നതെന്ന് ചോദിച്ചു. വിദേശത്തൊക്കെ ടൂർ പോയി അടിച്ചുപൊളിച്ചു ജീവിച്ചൂടെ എന്നും ചോദിച്ചു. ഇപ്പോൾ ഭാരം കൂടിയിട്ടുണ്ട്, അത് കുറയ്ക്കാനുള്ള പ്ലാനിൽ ആണെന്ന് പറഞ്ഞു. ഡാൻസ് ക്ലാസ്സിന് പോകാൻ ഞാൻ നിർദേശിച്ചു. കനക ഇപ്പോൾ ഒരുപാട് സന്തോഷവതിയാണ്. ഒരുപാട് പേർ അവളെ കമ്പളിപ്പിച്ചതുകൊണ്ട് ആളുകളോട് ഇടപഴക്കാൻ ഭയമാണ്. അതുകൊണ്ടാണ് ആരും വേണ്ടെന്ന് അവൾ തീരുമാനിച്ചത്.. ഭഗവാൻ അവൾക്ക് നല്ല ജീവിതമുണ്ടാക്കി കൊടുക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്..”, കുട്ടി പദ്മിനി പറഞ്ഞു.