മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ലഭിച്ചിരിക്കുന്നത്. സ്ത്രീകളും പെൺകുട്ടികളും തീർച്ചയായി കണ്ടിരിക്കേണ്ട ഒരു ചിത്രം കൂടിയാണ് നേര്. മോഹൻലാലിൻറെ അതിശക്തമായ തിരിച്ചുവരവാണ് ആരാധകർക്ക് ജീത്തു സമ്മാനിച്ചിരിക്കുന്നത്.
ലൂസിഫറിന് ശേഷം മോഹൻലാലിന് തിയേറ്ററുകളിൽ മികച്ച അഭിപ്രായം ലഭിച്ച സിനിമ ഇറങ്ങിയിരുന്നില്ല. ജീത്തുവിന്റെ തന്നെ ദൃശ്യം 2 മികച്ച അഭിപ്രായം നേടിയിരുന്നെങ്കിലും അത് ഒടിടി റിലീസായിട്ടാണ് എത്തിയത്. അതുകൊണ്ട് തന്നെ മോഹൻലാൽ ആരാധകർ തിയേറ്ററിൽ അദ്ദേഹത്തിന്റെ ഒരു വിജയ ചിത്രത്തിനായി കാത്തിരിക്കുക ആയിരുന്നു. അതിനാണ് നേരിലൂടെ അവസാനിച്ചിരിക്കുന്നത്.
മോഹൻലാലിൻറെ മികച്ച പ്രകടനത്തോടൊപ്പം അനശ്വര രാജൻ എന്ന താരത്തിന്റെ അഭിനയ പ്രകടനവും പ്രേക്ഷകർ ഒരേപോലെ മികച്ചതായിട്ടുണ്ടെന്ന് അഭിപ്രായപ്പെടുന്നു. അനശ്വരയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിട്ടാണ് പ്രേക്ഷകർ വിലയിരുത്തിയിരിക്കുന്നത്. സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിച്ച നടി കൃഷ്ണപ്രഭ പ്രേക്ഷകർ മികച്ച അഭിപ്രായം വന്നതോടെ സന്തോഷത്തിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.
“നമ്മ ജയിച്ചിട്ടോം മാരാ” എന്ന ക്യാപ്ഷനോടെയാണ് കൃഷ്ണപ്രഭ പോസ്റ്റ് ഇട്ടത്. സൂര്യയുടെ സിനിമയിലെ ഹിറ്റ് ഡയലോഗ് ആണ് ഇത്. മോഹൻലാലിന് ഒപ്പം കോടതിമുറിയുടെ സെറ്റിൽ കുശലം പറഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു ലൊക്കേഷൻ സ്റ്റിലാണ് കൃഷ്ണപ്രഭ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറുതാണെങ്കിലും നല്ല രീതിയിൽ കൃഷ്ണ ചെയ്തിട്ടുണ്ടെന്നും പ്രേക്ഷകർ കമന്റുകൾ ഇട്ടിട്ടുണ്ട്. ജീത്തുവിന്റെ ദൃശ്യം 2, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിലും കൃഷ്ണ അഭിനയിച്ചിട്ടുണ്ട്.