‘നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കുന്നു, കുടുംബത്തോടൊപ്പം..’ – നിങ്ങളുടെ അനുഗ്രഹം വേണമെന്ന് കൃഷ്ണ കുമാർ

രാജ്യത്ത് വീണ്ടുമൊരു ലോകസഭ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും മൂന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾ ആയി കഴിഞ്ഞു. ഇനി നാല് ആഴ്ചകൾ മാത്രമാണ് തിരഞ്ഞെടുപ്പിന് വേണ്ടിയുള്ളത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചില മണ്ഡലങ്ങൾ ഈ തവണയുമുണ്ട്. അതുകൊണ്ട് തന്നെ ഏവരുടെയും നോട്ടം അങ്ങോട്ട് തന്നെയായിരിക്കും.

സിനിമ താരങ്ങളായ സ്ഥാനാർത്ഥികളായി മത്സരിക്കുന്ന മണ്ഡലങ്ങളുമുണ്ട്. മലയാള സിനിമയിലെ മൂന്ന് നടന്മാരാണ് ഈ തവണ സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. അതിൽ രണ്ടുപേർ ബിജെപിയിലും ഒരാൾ സിപിഎമ്മിനും വേണ്ടിയാണ് മത്സരിക്കുന്നത്. തൃശ്ശൂരിൽ സുരേഷ് ഗോപി ബിജെപിയുടെ സ്ഥാനാർഥിയായി തുടക്കം മുതൽ രംഗത്തുള്ള ഒരാളാണ്. കേരളത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് ഇത്.

പിന്നെയുള്ള രണ്ട് താരങ്ങൾ മത്സരിക്കുന്നത് കൊല്ലത്താണ്. കൊല്ലത്ത് സിപിഎം സ്ഥാനാർത്ഥിയായി നടൻ മുകേഷും അതുപോലെ ബിജെപി സ്ഥാനാർത്ഥിയായി നടൻ കൃഷ്ണ കുമാറുമാണ് മത്സരിക്കുന്നത്. യുഡിഎഫ് സഖ്യകക്ഷിയായ ആർഎസ്പിയുടെ എൻകെ പ്രേമചന്ദ്രനാണ് ഇവരുടെ എതിരാളി. കൃഷ്ണകുമാർ വന്നതുകൊണ്ട് തന്നെ ഒരു ത്രികോണ മത്സരത്തിന് സാധ്യത ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കൃഷ്ണകുമാർ ഇന്ന് കുടുംബത്തിന് ഒപ്പം വന്ന് നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തിരുന്നു. “കൊല്ലം പാർലിമെന്റ് മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കുന്നു.. കുടുംബത്തോടൊപ്പം.. നിങ്ങളുടെ അനുഗ്രഹം വേണം.. നന്ദി..”, കൃഷ്ണകുമാർ ഭാര്യ സിന്ധുവിനും മകൾ ദിയ കൃഷ്ണയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. കൃഷ്ണകുമാറിന്റെ മക്കളിൽ അച്ഛന്റെ രാഷ്ട്രീയവുമായി ഏറെ അടുത്ത് നിൽക്കുന്ന മകളാണ് ദിയ.