‘അടിച്ചുപൊളിയുടെ 19 വർഷങ്ങൾ! വിവാഹ വാർഷിക ദിനത്തിൽ കുഞ്ചാക്കോ ബോബൻ..’ – ആശംസകൾ നേർന്ന് താരങ്ങൾ

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. 27 വർഷമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന കുഞ്ചാക്കോ ബോബൻ, ഒരു ചോക്ലേറ്റ് ഹീറോയിൽ നിന്ന് തന്റെ ഇമേജ് മാറ്റി അഭിനയ മികവ് പുലർത്തുന്ന കഥാപാത്രങ്ങൾ ചെയ്തു മലയാളികളെ അമ്പരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അനിയത്തിപ്രാവിലൂടെ സിനിമ ജീവിതം തുടങ്ങിയ കുഞ്ചാക്കോ ബോബൻ, ചാവേറിൽ എത്തി നിൽക്കുന്നു.

കുഞ്ചാക്കോ ബോബൻ തൻ്റെ ആരാധികയായി മാറിയ ദീർഘകാല പ്രണയിനിയായ പ്രിയ ആൻ സാമുവലിനെ ആണ് വിവാഹം ചെയ്തിരുന്നത്. 2005 ഏപ്രിൽ രണ്ടിനായിരുന്നു കുഞ്ചാക്കോയുടെയും പ്രിയയുടെ വിവാഹം നടന്നത്. എറണാകുളത്തെ ലിറ്റിൽ ഫ്ലവർ സീറോ മലബാർ കാത്തലിക് ചർച്ചിൽ വച്ച് ആയിരുന്നു വിവാഹം. 2019-ൽ അവർക്ക് ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്ന പേരിൽ ഒരു മകൻ ജനിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വിവാഹിതരായിട്ട് പത്തൊൻപത് വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷം കുഞ്ചാക്കോ ബോബൻ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “ഔദ്യോഗിക അടിച്ചുപൊളിയുടെ പത്തൊൻപത് വർഷങ്ങൾ.. എല്ലാ മനോഹരമായ ആശംസകൾക്കും എല്ലാവർക്കും നന്ദി..”, പ്രിയയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ കുറിച്ചു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നത്.

ഏറ്റവും അടുത്ത സുഹൃത്തുക്കളായ മഞ്ജു വാര്യർ, രമേശ് പിഷാരടി എന്നിവർ ഇരുവർക്കും സ്റ്റോറിയിലൂടെ വിവാഹ വാർഷിക ആശംസകൾ നേർന്നു. കഴിഞ്ഞ ആഴ്ച കുഞ്ചാക്കോ ബോബനും ഭാര്യയും മകനും കൂടി കാശ്മീരിൽ അവധി ആഘോഷിക്കാൻ പോയിരുന്നു. അവിടെ നിന്നുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ഈ വിശേഷം കുഞ്ചാക്കോ ബോബൻ അറിയിച്ചത്. ഗ്ർർർ.. എന്ന സിനിമയാണ് ഇനി ചാക്കോച്ചന്റെ വരാനുള്ളത്.