‘രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ്, കാർത്ത്യായനി അമ്മ അന്തരിച്ചു..’ – പ്രണാമം അർപ്പിച്ച് മലയാളികൾ

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആലപ്പുഴ ഹരിപ്പാട് സ്വദേശിനി കാർത്ത്യായനി അമ്മ അന്തരിച്ചു. 101 വയസ്സായിരുന്നു. അരലക്ഷത്തിന് അടുത്ത് പേരെഴുതിയ അക്ഷരലക്ഷം പരീക്ഷയിൽ 96 ശതമാനം മാർക്ക് വാങ്ങി, കാർത്ത്യായനിയമ്മ ഒന്നാം റാങ്ക് നേടിയത്. 96-മതെ വയസ്സിലായിരുന്നു കാർത്ത്യായനി അമ്മയുടെ ഈ അപൂർവമായ നേട്ടം.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അന്ത്യം. ഒരു വർഷമായി പക്ഷാഘാതത്തെ തുടർന്ന് കാർത്ത്യായനി അമ്മ കിടപ്പിലായിരുന്നു. ചരിത്രത്തിൽ ഇടംപിടിച്ച കാർത്ത്യായനിയമ്മയ്ക്ക് 2018-ൽ നാരീശക്തി പുരസ്കാരവും ലഭിച്ചിരുന്നു. അന്നത്തെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങിയത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പടെ വലിയ വാർത്തയായിരുന്നു.

യുനെസ്കോയുടെ ഗുഡ് വിൽ അംബാസിഡറായി കാർത്ത്യായനിയമ്മ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വീട്ടിലെ കഷ്ടപ്പാടുകൾ കാരണം സ്കൂളിൽ പഠിക്കാൻ കാർത്ത്യായനിയമ്മയ്ക്ക് സാധിച്ചിരുന്നില്ല. ചെറുമക്കൾ സ്കൂളിൽ പോകുന്നത് കണ്ടിട്ടാണ് കാർത്ത്യായനിയമ്മ സർക്കാരിന്റെ സാക്ഷരത ക്ലാസ്സിൽ ചേരുന്നത്. 2017-ൽ അക്ഷരലക്ഷം പരീക്ഷ എഴുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇതിന് പിന്നാലെയാണ് കാർത്ത്യായനിയമ്മ ആ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയെന്ന വിവരം പുറത്തുവന്നത്. അങ്ങനെ തൊണ്ണൂറ്റിയാറാം വയസ്സിൽ കാർത്ത്യായനിയമ്മ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കാർത്ത്യായനിയമ്മയെ തൊഴുത് നിൽക്കുന്നതും തിരിച്ച് കൈകൊണ്ട് അനുഗ്രഹിക്കുന്നതും മലയാളികൾ കണ്ട ചിത്രങ്ങളിൽ ഒന്നാണ്.