‘വിമാന യാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികൻ അപമര്യാദയായി പെരുമാറി..’ – പരാതിയുമായി നടി ദിവ്യപ്രഭ

വിമാന യാത്രയ്ക്കിടെ തനിക്ക് സഹയാത്രികനിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് പരാതിയുമായി യുവനടി ദിവ്യപ്രഭ. വിമാന കമ്പനിയിൽ നിന്ന് യാതൊരു നടപടിയും ഉണ്ടാവാത്തതുകൊണ്ട് നടി കൊച്ചി പൊലീസിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എഐ 681 ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോഴായിരുന്നു നടിയുടെ പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്.

ടേക്ക് ഓഫിന് മുമ്പാണ് സംഭവം നടന്നത്. 12 സിയിൽ ഉണ്ടായിരുന്ന യാത്രക്കാരൻ മദ്യലഹരിയിൽ ദിവ്യപ്രഭ ഇരുന്ന 12എയുടെ അടുത്തുള്ള 12 ബിയിലേക്ക് മാറുകയും യാതൊരു കാരണവുമില്ലാതെ വിൻഡോ സീറ്റുമായി ബന്ധപ്പെട്ട് തകർക്കത്തിൽ ഏർപ്പെടുകയും ആയിരുന്നു. തന്നോട് മോശമായി സംസാരിക്കുകയും ശരീരത്ത് കൈവെക്കുകയും ചെയ്തുവെന്നും താൻ ഉടൻ തന്നെ എയർ ഹോസ്റ്റസിനോട് പരാതി പറയുകയും ചെയ്തു.

ടേക്ക് ഓഫിന് മുമ്പ് ആയിരുന്നിട്ട് കൂടിയും മറ്റൊരു സീറ്റിലേക്ക് തന്നെ മാറ്റിയതല്ലാതെ വേറെയൊരു നടപടിയും സ്വീകരിച്ചില്ല. കൊച്ചിയിൽ ലാൻഡ് ചെയ്തിറങ്ങിയപ്പോൾ തന്നെ നടന്ന സംഭവം താൻ എയർ ഇന്ത്യ ഓഫീസ് സ്റ്റാഫിനോട് വിശദീകരിച്ചെങ്കിലും പൊലീസിൽ കംപ്ലയിന്റ് കൊടുത്തോളാനാണ് ആവഷ്യപ്പെട്ടതെന്നും നടിയുടെ പരാതിയിൽ പറയുന്നു. അതുകൊണ്ടാണ് കൊച്ചിയിലെ പൊലീസിന് നടി ജിമെയിൽ വഴി പരാതി നൽകിയത്.

ഫ്ലൈറ്റിൽ ഉണ്ടാകുന്ന ഇത്തരം പ്രവർത്തികൾക്ക് എതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നാണ് ദിവ്യപ്രഭയുടെ ആവശ്യം. ഫ്ലൈറ്റിൽ യാത്ര ചെയ്ത ടിക്കറ്റും ദിവ്യപ്രഭ തന്റെ പരാതിക്കും ഒപ്പവും പോസ്റ്റിലും ചേർത്തിട്ടുണ്ട്. എയർ ഇന്ത്യ ഗ്രൗണ്ട് ഓഫീസ് സ്റ്റാഫിൽ നിന്നും ഫ്ലൈറ്റ് ക്രൂവിൽ നിന്നുമുണ്ടായ പെരുമാറ്റം നിരാശപ്പെടുത്തുന്നതായിരുന്നുവെന്നും ദിവ്യപ്രഭ ഉന്നയിച്ചു. ദിവ്യയ്ക്ക് ആശ്വാസ വാക്കുകളുമായി നടിമാരായ രചന നാരായണൻകുട്ടി, അർച്ചന കവി, സാധിക തുടങ്ങിയവർ കമന്റുകൾ ഇട്ടിട്ടുണ്ട്. തനിക്കും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് രചനയും പ്രതികരിച്ചു.