‘കന്നഡ നടൻ കിച്ച സുദീപ് ബിജെപിയിലേക്ക്!! വാർത്ത വന്നതിന് പിന്നാലെ ഭീഷണിക്കത്ത്..’ – സംഭവം ഇങ്ങനെ

1997 മുതൽ സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് കന്നഡ നടനായ കിച്ച സുദീപ്. കന്നഡയിൽ ഒരു സൂപ്പർസ്റ്റാർ ലെവലിൽ അറിയപ്പെടുന്ന കിച്ച സുദീപിന് അവിടെ ഒരുപാട് ആരാധകരുമുണ്ട്. ആരാധകരോട് ഏറെ സ്നേഹത്തിൽ ഇടപെഴുകുന്ന കിച്ചയുടെ വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും വൈറലായിട്ടുണ്ട്. തയവ്വ എന്ന കന്നഡ സിനിമയിലാണ് സുദീപ് ആദ്യമായി അഭിനയിക്കുന്നത്.

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഇതിന് പുറമേ സുദീപ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കിച്ച സുദീപുമായി ബന്ധപ്പെട്ട ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. കർണാടക സ്വദേശിയായ കിച്ച ബിജെപിയിൽ അംഗമാകാൻ ഒരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. സുദീപിന് പുറമേ കന്നഡ നടനായ ദര്‍ശന്‍ തു​ഗുദീപയുടെയും പേരും കേൾക്കുന്നുണ്ട്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഈ നീക്കം.

കർണാടക മുഖ്യമന്ത്രിയുടെയും മറ്റ് പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ രണ്ട് പേരും ഇന്ന് ഉച്ചയ്ക്ക് അംഗത്വം എടുക്കുമെന്നാണ് വാർത്ത വന്നിരിക്കുന്നത്. കർണാടക തിരഞ്ഞെടുപ്പിൽ താര പ്രചാരകര്‍ ആയിരിക്കുമോ അതോ മത്സരിക്കുമോ എന്നൊക്കെ വാർത്തകളുടെ സ്ഥിരീകരണത്തോടെ ഉറപ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിച്ച സുദീപിന്റെ വലിയ ആരാധക പിന്തുണയാണ് അദ്ദേഹത്തെ ഒപ്പം നിർത്താൻ കാരണം ആവുന്നത്.

അതെ സമയം ബിജെപിയിൽ ചേരുമെന്ന വാർത്തകൾ വന്നതോടെ കിച്ച സുദീപിന് ഒരു ഭീഷണിക്കത്ത് വന്നിരിക്കുകയാണ്. കിച്ച സുദീപിന്റെ വീട്ടിലേക്കാണ് കത്ത് അയച്ചിരിക്കുന്നത്. കത്ത് പരിശോധിച്ച പുട്ടനെഹള്ളി പൊലീസ് എഫ്.ഐ.ആർ എടുക്കുകയും ചെയ്തു. മെയ് പത്തിനാണ് കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 13-നാണ് വോട്ട് എണ്ണൽ നടക്കുന്നത്. സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തുവരും.