‘സ്വന്തം പേര് പോലും മറന്നു!! ഓർമ്മകൾ നഷ്ടപ്പെട്ട് നടി കനകലത..’ – ഇപ്പോഴത്തെ അവസ്ഥ വിവരിച്ച് സഹോദരി

മുന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ച് മലയാളികൾക്ക് ഏറെ സുപരിചിതമായ ഒരു മുഖമാണ് നടി കനകലത. 1979 മുതൽ അഭിനയ രംഗത്ത് പ്രവർത്തിക്കുന്ന കനകലത ഈ വർഷം പുറത്തിറങ്ങിയ പൂക്കാലം എന്ന സിനിമയിൽ വരെ അഭിനയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നടിയുടെ ഇപ്പോഴത്തെ അവസ്ഥ അത്ര നല്ലതല്ല. സ്വന്തം പേര് പോലും മറന്ന അവസ്ഥയിലേക്ക് നടി എത്തിയിരിക്കുന്നു എന്ന് കനകലതയുടെ ചേച്ചി വിജയമ്മ പറഞ്ഞിരിക്കുകയാണ്.

“പാർക്കിൻസൺ, ഡിമെൻഷ്യ എന്നീ രോഗാവസ്ഥയിലാണ് കനകലത ഇപ്പോൾ. 2021 മുതലാണ് ഇതിന്റെ ലക്ഷണങ്ങൾ ആദ്യമായി കണ്ടുതുടങ്ങിയത്. സ്വഭാവത്തിൽ മാറ്റങ്ങൾ വന്നപ്പോഴാണ് എല്ലാവരും ഇത് ശ്രദ്ധിച്ചു തുടങ്ങിയത്. ആദ്യമൊക്കെ ലോക്ക് ഡൗൺ നാളുകളിൽ വീട്ടിൽ അടച്ചിരുന്നതിന്റെ പ്രശ്നം ആണെന്നാണ് കരുതിയത്. പതിയെ ഉറക്കമൊക്കെ കുറഞ്ഞു. ഉറക്കം കുറഞ്ഞതോടെ അസ്വസ്ഥതയും കൂടി. പതിവായി യോഗ ചെയ്തിരുന്നായാൾ അത് ചെയ്യാതെയായി.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒരു സൈക്ക്യാട്രിസ്റ്റിനെ കാണിച്ചു, അദ്ദേഹമാണ് ഇത് ഡിമെൻഷ്യയുടെ തുടക്കം ആണെന്ന് പറഞ്ഞത്. ആ സമയത്ത് കായംകുളത്തുള്ള ചേച്ചി മരണപ്പെടുന്നത്. അവിടെ പോയ സമയത്താണ് പരുമലയിലെ ആശുപത്രിയിൽ കാണിച്ച് എംആർഐ സ്കാനിംഗ് നടത്തിയത്. തലച്ചോർ ചുരുങ്ങുകയാണെന്ന് സ്കാനിങ്ങിൽ കണ്ടെത്തി. പിന്നീട് തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോൾ കിംസിൽ കാണിച്ചു. അവിടെ പത്ത് ദിവസത്തോളം ഐസിയുവിലായിരുന്നു.

അവിടെയുള്ള ഡോക്ടർ പറഞ്ഞത്, കാലക്രമേണ ആഹാരം കഴിക്കാതെ വരുമെന്നും ട്യൂബ് ഇടുന്നതാണ് നല്ലതെന്ന്. പോകെപ്പോകെ ഭക്ഷണം കഴിക്കുന്നത് നിർത്തി. വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ മറന്നു തുടങ്ങി. പിന്നീട് ട്യൂബ് ഇട്ടു. ലിക്വിഡ് ഫുഡാണ് ഇപ്പോൾ കൊടുക്കുന്നത്. വിശക്കുന്നുവെന്നോ ആഹാരം വേണമെന്നോ എന്നൊന്നും അവൾ പറയാറില്ല. അങ്ങോട്ട് വേണമോ എന്ന് ചോദിക്കും. നിർബന്ധിച്ച് കഴിപ്പിക്കും, ചിലപ്പോൾ കഴിക്കും അല്ലാത്തപ്പോൾ തുപ്പിക്കളയും.

സംസാരം കുറഞ്ഞു. പറയുന്നത് വ്യക്തമല്ല! 57-കാരി രണ്ടര മൂന്ന് വയസ്സുകാരിയെ പോലെയായാൽ എങ്ങനെ ഇരിക്കും. അതുപോലെയാണ്. പൂക്കാലം സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. അന്നൊക്കെ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ പ്രായത്തിൽ അവൾക്ക് ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അമ്മ സംഘടനയിൽ വിളിച്ചു പറഞ്ഞിരുന്നു. അവിടുത്തെ ഇൻഷുറൻസുണ്ട്.

5000 രൂപ കിട്ടും. പിന്നെ പലരും സഹായിച്ചു. കനകലത ആണെന്ന് മനസ്സിലാവാത്ത രീതിയിലായി. ഭക്ഷണം കഴിക്കാത്തതുകൊണ്ട് മെലിഞ്ഞു. ഇടയ്ക്ക് എഴുനേറ്റ് സെറ്റിയിൽ വന്നിരുന്നു ടിവി കാണും. അവൾ അഭിനയിച്ച സിനിമകൾ കാണുമ്പോൾ എന്തൊക്കെയോ ഓർത്തിരിക്കും. വീട്ടുകാരെയൊക്കെ കണ്ടാൽ അറിയാം. പക്ഷേ അവളുടെ ദിനചര്യയുടെ കാര്യമൊക്കെ മറന്നു. രണ്ടുരുള ചോറ് കഴിച്ചാൽ മതിയാരുന്നു. ഒന്ന് ഉഷായാറായേനെ! ലിക്വിഡ് ഫുഡ് കഴിച്ചിട്ട് എന്താവാനാണ്..”, സഹോദരി വേദന പങ്കുവച്ചു.