‘തീരുമാനം നിങ്ങളുടേതാണ്, ആരോഗ്യം നോക്കണം! അൽഫോൻസ് പുത്രനോട് കമൽഹാസൻ..’ – സന്ദേശം അയച്ച് താരം

കഴിഞ്ഞ മാസം അവസാനമാണ് സംവിധായകൻ അൽഫോൻസ് പുത്രൻ താൻ സിനിമ സംവിധാനം അവസാനിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തി ഒരു പോസ്റ്റിട്ടത്. ഓട്ടിസം സ്പെക്ട്രം ഡിസോഡറുണ്ടെന്ന് സ്വയം കണ്ടെത്തിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ പിന്മാറ്റം. പോസ്റ്റ് പിന്നീട് അൽഫോൻസ് പിൻവലിച്ചു. എങ്കിലും അൽഫോൻസിനെ ഇഷ്ടപ്പെടുന്നവരും ആരാധകരും ഏറെ വിഷമത്തിലാവുകയും ചെയ്തു.

അൽഫോൻസിന് ആശ്വാസ വാക്കുകളുമായി സിനിമ മേഖലയിലെ പലരും രംഗത്ത് വന്നു. ഒരിക്കലും സിനിമ വിടരുതെന്നും ഒരു ഇടവേളയെടുത്ത ശേഷം മടങ്ങിയെത്തുവെന്നുമാണ് പലരും പ്രതികരിച്ചത്. ഇപ്പോഴിതാ അൽഫോൻസിന് ആശംസകൾ നേർന്ന് ഉലകനായകൻ കമൽഹാസൻ സന്ദേശം അയച്ചിരിക്കുകയാണ്. കമൽഹാസന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അൽഫോൻസ് ഒരു പാട്ട് ഒരുക്കിയിരുന്നു.

ഇത് കേട്ടതിന് ശേഷം ഇഷ്ടപ്പെട്ടിട്ട് ആശംസകൾ അറിയിക്കുന്നതിന് ഒപ്പം തന്നെ ആരോഗ്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. “വണക്കം.. അൽഫോൻസ് പുത്രന്റെ പാട്ട് കേട്ടു. ആരോഗ്യം കുറച്ച് മോശമാണെന്ന് അറിയാൻ കഴിഞ്ഞു, എന്നാൽ മനസ്സ് നല്ലതുപോലെ ഇരിക്കുന്നുവെന്ന് തോന്നുന്നു. കാരണം ആ സന്തോഷം ആ പാട്ടുകളിൽ ഉണ്ടായിരുന്നു. ജീവിതം സന്തോഷമായി ഇരിക്കട്ടെ.. വാഴ്ത്തുക്കൾ!

നിങ്ങൾ എടുക്കുന്ന തീരുമാനം നിങ്ങളുടേതാണ്. എങ്കിലും ആരോഗ്യം ശ്രദ്ധിക്കണം.എല്ലാ ആശംസകളും നേരുന്നു. ടേക് കെയർ..”, കമൽഹാസൻ സന്ദേശത്തിൽ പറഞ്ഞു. തമിഴ് നടൻ പാർത്ഥിപനാണ് കമൽഹാസൻ അയച്ച സന്തോഷം പുറത്തുവിട്ടത്. ഇത് കണ്ട അൽഫോൻസ് അത് തന്റെ സ്റ്റോറിയിൽ പങ്കുവെക്കുകയും ചെയ്തു. കമൽഹാസനും അൽഫോൻസ് പുത്രനും ഭാവിയിൽ ഒന്നിച്ചൊരു സിനിമ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.