‘ഞങ്ങൾ ഡിവോഴ്സ് ആയിട്ടില്ല! എല്ലാ ഭാര്യാ ഭർത്താക്കന്മാരേയും പോലെ ചെറിയ പിണക്കങ്ങൾ ഉണ്ടായിട്ടുണ്ട്..’ – തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

വെറുതെ അല്ല ഭാര്യ എന്ന ടെലിവിഷൻ ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നടി മഞ്ജു പത്രോസ്. അതിൽ മത്സരാർത്ഥിയായി വന്ന് പിന്നെ സീരിയലുകളിലും സിനിമയിൽ അഭിനയിച്ചു. മഞ്ജുവിന് ഒപ്പം ഭർത്താവ് സുനിച്ചനും ഷോയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി പ്രചരിക്കുന്ന ഒരു കാര്യമാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്നത്. ഒരു അഭിമുഖത്തിൽ അതിനെതിരെ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് മഞ്ജു.

“സുനിച്ചൻ ഷാർജയിലുണ്ട്. മ്യൂസിക് പ്രോഗ്രാമറാണ്. ഞങ്ങൾ തമ്മിൽ ഡിവോഴ്സ് ആയിട്ടില്ല. പക്ഷേ എല്ലാ ഭാര്യാഭർത്താക്കന്മാർക്ക് ഇടയിലും സംഭവിക്കുന്നതും പോലെ ചെറിയ ചെറിയ പിണക്കങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ട്. അതിന്റെ അർത്ഥം ഇന്നോ നാളെയോ ഞങ്ങൾ ഡിവോഴ്സ് ആകുമെന്നുമല്ല! എനിക്ക് ഇപ്പോഴും അറിയാത്ത ഒരു കാര്യം, ദിലീപും മഞ്ജുവും വേർപിരിഞ്ഞു, അമൃതയും ബാലയും തമ്മിൽ പിരിഞ്ഞു. ഇതിലൊക്കെ ഇത്ര ഞെട്ടാൻ എന്തിരിക്കുന്നു?

ഞാൻ പറയുന്നത്, ഭരണഘടന അനുവദിച്ചിട്ടുള്ള ഒരു കാര്യമാണ് രണ്ട് വ്യക്തികൾ തമ്മിൽ ചേരുന്നില്ല എങ്കിൽ അവർക്ക് പരസ്പരം വേർപിരിയാം. ഇനിയൊരു വിവാഹം കഴിക്കാനുള്ള അവസരവും ഭരണഘടനാ ഒരുക്കി കൊടുക്കുന്നുണ്ട്. ഇതിൽ എവിടയാണ് തെട്ടുള്ളത്? ഒരു വീട്ടിൽ രണ്ടുപേർ കീരിയും പാമ്പുമായി കഴിയുന്നതിലും നല്ലതല്ലേ രണ്ട് സുഹൃത്തുക്കളായി ഈ വിവാഹത്തിന് പുറത്തുനിന്ന് ജീവിക്കാൻ പറ്റുക എന്നത്.

അത് കുട്ടികൾക്ക് എന്ത് നല്ലതാണ്. മഞ്ജു പത്രോസും സുനിച്ചനും വേർപിരിഞ്ഞാൽ ഇവർക്ക് എന്താണ്? അപ്പോൾ അവര് പറയും, ഒരു ഫാമിലി ഷോയിലൂടെ നിങ്ങളെ കണ്ട് ഇഷ്ടപ്പെട്ടതാണെന്ന് പറയും. ആ ഫാമിലി ഷോ കഴിഞ്ഞില്ലേ? ഇപ്പോഴും ഒരു കുടുംബ കോടതിയിലും ഒരു പെറ്റീഷനും ഞങ്ങൾ ഫയൽ ചെയ്തിട്ടില്ല. ഞങ്ങളുടെ വിവാഹബന്ധം എങ്ങനെ പോകുന്നുവെന്ന് ചുഴിഞ്ഞ് അറിയേണ്ട ആവശ്യം എന്താണ്? ഞങ്ങളുടെ ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയുന്നത് എന്തിനാണ്.

വെറുതെയല്ല ഭാര്യ നടന്നത് 2012-ലാണ്. ഇന്ന് 2023 ആയി. കാലഘട്ടം ഒരുപാട് മുന്നിലേക്ക് പോയിട്ടുണ്ട്. ഓരോ ദിവസവും ഓരോ പുതിയ അനുഭവങ്ങൾ അല്ലേ? ഓരോ പുതിയ പാഠങ്ങളല്ലേ പഠിക്കുന്നത്. നമ്മൾ അറിഞ്ഞ് വച്ച ശരികൾ ഒന്നും ശരികളല്ല എന്നുള്ള തിരിച്ചറിവ് കാലഘട്ടത്തിലൂടെയേ പോവുകയുള്ളൂ. സമൂഹത്തിനെ പേടിയാണ് എല്ലാവർക്കും. ജീവിക്കാൻ സമ്മതിക്കുകയില്ല ഇവിടുത്തെ സമൂഹം. ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്ത് നിന്നൊരാളാണ് ഞാൻ. അവിടെ നിന്നാണ് ഇവിടെ എത്തിയിട്ടുള്ളത്..”, മഞ്ജു പറഞ്ഞു.