‘അപ്പു എനിക്ക് ഫാമിലി തന്നെയാണ്, അത് ഒരിക്കലുമൊരു പ്രണയം അല്ല..’ – മനസ്സ് തുറന്ന് കല്യാണി പ്രിയദർശൻ

സിനിമയിൽ പ്രൊഡക്ഷൻ ഡിസൈനറായി ആരംഭിച്ച് പിന്നീട് നായികയായി മാറിയ ഒരാളാണ് നടി കല്യാണി പ്രിയദർശൻ. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെ എത്തിയ കല്യാണി ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു താരസുന്ദരിയാണ്. മലയാളത്തിലാണ് കല്യാണി ഇപ്പോൾ കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത്. തല്ലുമാലയാണ് അവസാനം പുറത്തിറങ്ങിയ കല്യാണിയുടെ സിനിമ.

ശേഷം മെക്കിലെ ഫാത്തിമ, ആന്റണി, വർഷങ്ങൾക്ക് ശേഷം തുടങ്ങിയ സിനിമകളാണ് അടുത്തതായി വരാനുള്ളത്. സിനിമയിൽ വന്ന കാലം മുതൽ കല്യാണിയുമായി ബന്ധപ്പെട്ട് കേൾക്കുന്ന ഒരു ഗോസിപ്പാണ് മോഹൻലാലിൻറെ മകനും നടനുമായ പ്രണവുമായി ഇരുവരും പ്രണയത്തിലാണെന്ന് എന്നത്. ഇതിനുള്ള മറുപടി കല്യാണി തന്നെ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.

“കുട്ടിക്കാലം മുതൽ ഒന്നിച്ച് കളിച്ചുവളർന്നവരാണ് ഞങ്ങൾ. പരസ്പരം അത്രയ്ക്കും അടുത്ത ബന്ധമുണ്ട്. ലാൽ അങ്കിളിന്റെയും ഐവി ശശി അങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബവുമായിട്ടാണ് ഏറെ അടുപ്പും ഉണ്ടായിരുന്നത്. അപ്പു ഊട്ടിയിലാണ് പഠിച്ചത്. അതുകൊണ്ട് അവധികാലത്ത് മാത്രമാണ് ഒത്തുചേരൽ. പക്ഷേ അതും ഏതെങ്കിലും സിനിമയുടെ സെറ്റിൽ ആയിരിക്കും. അപ്പും കീർത്തിയും അനിയും ചന്തുവുമാണ് എന്റെ ടീം.

എനിക്ക് അപ്പു ഫാമിലി തന്നെയാണെങ്കിലും അതൊരിക്കലും ഒരു പ്രണയമല്ല. ഞങ്ങൾ തമ്മിൽ സഹോദരബന്ധമാണ്. എന്റെ സഹോദരൻ ചന്തുവിന് ഒപ്പമുള്ളതിനേക്കാൾ അപ്പുവിന് ഒപ്പമുള്ള ചിത്രങ്ങളായിരിക്കും വീട്ടിൽ ആൽബത്തിൽ ഉള്ളത്. പഠിത്തം കഴിഞ്ഞ് അവൻ ചെന്നൈയിൽ എത്തിയപ്പോൾ എന്റെ കസിൻ എന്ന് പറഞ്ഞാണ് കൂട്ടുകാർക്ക് പരിചയപ്പെടുത്തി. അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകനാണെന്ന് പറയാൻ മടിയായിരുന്നു..”, കല്യാണി പറഞ്ഞു.