‘അദ്ദേഹം നല്ലയൊരു രാഷ്ട്രീയ നേതാവ് ആയിരുന്നു..’ – മരിച്ചത് ഏത് ജോർജെന്ന് അറിയാതെ അനുശോചിച്ച്‌ കെ സുധാകരൻ

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സംവിധായകനും വിഖ്യാത തിരക്കഥാകൃത്തുമായ കെ ജി ജോർജിന്റെ വിയോഗം ഇന്ന് രാവിലെയോടെ ഏറെ വിഷമത്തോടെയാണ് ഓരോ മലയാളികളും അറിഞ്ഞത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അദ്ദേഹം മരണത്തിന് കീഴടക്കിയത്. ഏറെ നാളുകളായി ചികിത്സയുടെ ആവശ്യത്തിനായി അദ്ദേഹം ഒരു യോജന കേന്ദ്രത്തിലായിരുന്നു താമസിച്ചിരുന്നത്.

അവിടെ വച്ചുതന്നെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ച് നിരവധി പ്രമുഖരാണ് സമൂഹ മാധ്യമങ്ങളിലും വാർത്ത ചാനലുകളിലും പങ്കുവച്ചത്. പക്ഷേ മരിച്ച കെ.ജി ജോർജ് ആരാണെന്ന് അറിയാതെ ദുഖം രേഖപ്പെടുത്തിയിരിക്കുകയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവും കെപിസിസി പ്രസിഡന്റുമായ കെ സുധാകരൻ. മാധ്യമങ്ങളോടാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.

കെജി ജോർജ് മരണപ്പെട്ടിരിക്കുകയാണ്, അദ്ദേഹത്തിന്റെ വിയോഗത്തിൽ എന്താണ് പറയാനുള്ളതെന്ന് മാധ്യമങ്ങൾ ചോദിച്ചു. “അദ്ദേഹത്തെ കുറിച്ച് ഓർക്കാൻ ഒരുപാടുണ്ട്. നല്ലയൊരു പൊതുപ്രവർത്തകൻ ആയിരുന്നു, നല്ലയൊരു രാഷ്ട്രീയ നേതാവായിരുന്നു. കഴിവും പ്രാപ്തിയുമുള്ള ഒരാളാണ്. അദ്ദേഹത്തെ കുറിച്ച് ഞങ്ങൾക്ക് ഒരു മോശ അഭിപ്രായവുമില്ല. ഞങ്ങൾ അദ്ദേഹത്തോട് സഹതാപമുണ്ട്.

അദ്ദേഹത്തിന്റെ മരണത്തിൽ ദുഖമുണ്ട്..”, ഇതായിരുന്നു കെ സുധാകരൻ പറഞ്ഞത്. വേറെ ഏതോ ജോർജിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്നാണ് വിഡിയോയുടെ താഴെ പലരും കമന്റുകൾ ഇടുന്നത്. ആളെ അറിയാതെ സംസാരിക്കാൻ രാഷ്ട്രീയ നേതാക്കൾക്ക് മാത്രമേ അറിയുകയുള്ളുവെന്നും പലരും പറയുന്നു. മുമ്പൊരിക്കൽ ഇപി ജയരാജൻ, ബോക്സർ മുഹമ്മദാലി മരിച്ചപ്പോൾ പറഞ്ഞതും ഒരുപാട് ട്രോളുകൾ വാങ്ങിയിരുന്നു.