‘വരാന്തയിലൂടെ പോയ കന്യാസ്ത്രീക്ക് ഞങ്ങൾ ലെസ്ബിയൻ ആണെന്ന് തോന്നി..’ – അനുഭവം വിവരിച്ച് ജുവൽ മേരി

കാഞ്ഞിരപ്പളളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ശ്രദ്ധ എന്ന പെൺകുട്ടിയുടെ മരണത്തിൽ പ്രതികരണവുമായി നടിയും അവതാരകയുമായ ജുവൽ മേരി. തന്റെ കോളേജ് ജീവിതത്തിലെ ഒരു അനുഭവം പങ്കുവച്ചുകൊണ്ട് ആണ് ജുവൽ ആ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് വീഡിയോ ഇട്ടത്. നഴ്സിംഗ് പഠിക്കുമ്പോൾ കന്യാസ്ത്രീയിൽ നിന്നുണ്ടായ ഒരു മോശം അനുഭവമാണ് ജുവൽ വിവരിച്ചത്.

“അഞ്ച് ലക്ഷം രൂപ ലോൺ എടുത്ത് 15 വർഷങ്ങൾക്ക് മുമ്പ് ഒരു സ്വാശ്രയ മാനേജ്മെന്റ് കോളേജിൽ നഴ്സിംഗ് പൂർത്തിയാക്കിയ വിദ്യാർത്ഥി ആയിരുന്നു ഞാൻ. വിരലിൽ എണ്ണാവുന്ന ചില നല്ല സൗഹൃദങ്ങൾ ഒഴിച്ച് നിർത്തിയാൽ വേറെ നല്ല അനുഭവങ്ങൾ ഒന്നും എനിക്ക് അവിടെ നിന്നില്ല. പല തരത്തിലുള്ള പേരുകളും മുദ്രകളും അപമാനങ്ങളും ഏറ്റുവാങ്ങി വളരെ അധികം കഷ്ടപ്പെട്ട് നരകിച്ച് പഠിച്ച് തീർത്ത 4 വർഷമാണ്.

ഒരു ഞായറാഴ്ച പകൽ ഞാനും എന്റെ സുഹൃത്തുക്കളും, വാതിൽ തുറന്നിട്ടിരിക്കുകയാണ്, ഞങ്ങൾ കട്ടിലിൽ കിടന്ന് ഒരു മാഗസിൻ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. 3,4 പെൺകുട്ടികളുണ്ട്. ഗേൾസ് ഹോസ്റ്റൽ ആണ്. പെട്ടന്ന് അതുവഴി നടന്നുപോയ ഒരു കന്യാസ്ത്രീക്ക് പെട്ടന്ന് ഞങ്ങളെ കണ്ടപ്പോൾ ഇവർ സ്വവര്‍ഗ്ഗാനുരാഗികളാണെന്ന് തോന്നി. അത് തല്ലേൽ കെട്ടിവച്ച് ഞങ്ങളെ പ്രിൻസിപ്പലിന്റെ ഓഫീസിൽ കൊണ്ടുപോയി.

എന്റെ കൂടെ വന്ന കുട്ടിക്ക് ലെസ്ബിയൻ എന്താണെന്ന് പോലും അറിയില്ല. അവർ ഞങ്ങളെ കുറിച്ച് മോശം പറയാൻ ഒന്നുമില്ല. അങ്ങനെ നരകിച്ച് പഠിച്ച നാല് വർഷങ്ങളായിരുന്നു അവിടെ. എനിക്ക് ഉല്‍കണ്‌ഠ ഉണ്ടായി, ആത്മ ഹത്യാ ചെയ്യാൻ പോലും കുറച്ച് നാൾ തോന്നി. പിന്നെ നമ്മൾ അതിജീവച്ച് ജീവിതം പഠിച്ച് മുന്നോട്ട് പോയി. ഇപ്പോൾ ശ്രദ്ധ എന്ന പെൺകുട്ടിയും അത്തരത്തിൽ ക്രൂരമായ ഹറാസ്മൻറ്റ് മൂലം മരണപ്പെട്ടിരിക്കുന്നു.

കുറച്ച് നാളുകൾ കൂടി കഴിഞ്ഞാൽ ഒരു ജോലി കിട്ടി, അവൾക്ക് ഇഷ്ടമുളളത് പോലെ ജീവിച്ച് പാറിപറക്കേണ്ട ഒരു പെൺകുട്ടി ആയിരുന്നു. എനിക്ക് പറയാനുള്ള മാതാപിതാക്കളോടാണ് നിങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ വിടൂ, എന്തിനാണ് അവരെ മൊത്തത്തിൽ അവരിൽ ഏല്പിച്ചിട്ട് വരുന്നത്. ഇനിയെങ്കിലും ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കട്ടെ.. ശ്രദ്ധയ്ക്ക് വേണ്ടി പോരാടുന്ന എല്ലാ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും എന്റെ പൂർണപിന്തുണ ഞാൻ നൽകുന്നു..”, ജുവൽ പറഞ്ഞു