‘നേരിന്റെ കഥക്ക് അവകാശവാദം ഉന്നയിച്ച് ഒരാൾ വന്നിട്ടുണ്ട്, സിനിമ കണ്ട ശേഷം നിങ്ങൾ വിധി എഴുതുക..’ – ജീത്തു ജോസഫ്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന സിനിമ തിയേറ്ററുകളിൽ നാളെ റിലീസ് ചെയ്യുകയാണ്. മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ ആ സിനിമ ഇറങ്ങുമ്പോൾ ഇതിന് മുമ്പ് ഈ കോംബോയിൽ വന്ന സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയവയാണ്. ജീത്തുവിന്റെ ആദ്യ സിനിമ ദൃശ്യം ഇറങ്ങിയപ്പോൾ വന്നപോലെ ഒരു ആരോപണവും കേസും ഈ ചിത്രവുമായി വന്നിരിക്കുകയാണ്.

ജീത്തു സിനിമയുടെ തിരക്കഥ കേട്ട ശേഷം തന്നിൽ നിന്ന് കൈക്കലാക്കി എന്നും റിലീസ് തടയണമെന്ന് ആവശ്യം ഉന്നയിച്ച് ഒരാൾ ഹൈകോടതിയിൽ സ്റ്റേ ഹർജി കൊടുത്തു. പക്ഷേ ഹൈക്കോടതി ആ ഹർജി തള്ളുകയും ചെയ്തിരുന്നു. സിനിമ നാളെ തന്നെ റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട വന്ന ആ ആരോപണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജീത്തു ജോസഫ്.

ജീത്തുവിന്റെ പോസ്റ്റ് :- “നേര് നിങ്ങളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. ഞാൻ പ്രവർത്തിച്ചിട്ടുള്ള മറ്റേത് സിനിമയെയും സമീപിക്കുന്നത് പോലെ തികഞ്ഞ സത്യസന്ധതയോടെയും ഉൽഹാസത്തോടെയുമാണ് നേര് എന്ന ചിത്രം ഒരുക്കിയത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് ഇടയിൽ, അതും എന്റെ സിനിമയുടെ റീലീസ് അടുക്കുന്ന വേളയിൽ ഒരു വിവാദം സൃഷ്ടിക്കപ്പെട്ടു.

നേര് എന്ന സിനിമയുടെ കഥയ്ക്ക് അവകാശവാദം ഉന്നയിച്ചു മറ്റൊരാൾ രംഗത്തെത്തുകയും, അതിനായി കോടതിയെ സമീപിക്കുകയും ചെയ്ത വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. പ്രസ്തുത കക്ഷി എഴുതിയ കഥയുടെ സിനോപ്സിസ് കേസിന്റെ രേഖകളോടൊപ്പം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാളെ ‘ നേര് ‘ തീയേറ്ററുകളിൽ നിന്നു കണ്ട ശേഷം നിങ്ങൾ പ്രേക്ഷകർ വിധിയെഴുതുക.. നേരെന്ത് കളവെന്ത് എന്നുള്ളത്..”, ജീത്തു കുറിച്ചു.