‘നമ്മുക്ക് നമ്മുടെ വിശ്വാസങ്ങൾ മുറുകെ പിടിക്കാം, ഹിന്ദു എന്നത് ഒരു സംസ്കാരമാണ്..’ – മിത്ത് വിവാദത്തിൽ ജയസൂര്യ

എറണാകുളത്ത് ഗണേശോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ നടൻ ജയസൂര്യ മിത്ത് വിവാദത്തിൽ ആദ്യമായി പ്രതികരണം നടത്തി. മറ്റുള്ളവരുടെ വിശ്വാസത്തെ എതിർക്കാതെ സ്വന്തം വിശ്വാസങ്ങളെ മുറുകെ പിടിക്കാൻ ഓരോ മനുഷ്യനും അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചസാരയുടെ രുചി അത് എന്താണെന്ന് അറിയാൻ പറ്റില്ല, അത് അനുഭവിക്കാനെ പറ്റൂവെന്നും അതുപോലെ തന്നെ ശാസ്ത്രത്തിന്റെ കണ്ടുപിടിത്തം അംഗീകരിച്ചു തന്നെ നമ്മുക്ക് മുന്നോട്ട് പോകാൻ കഴിയുള്ളുവെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.

“ഇത്രയും നല്ലയൊരു ചടങ്ങളിൽ എന്നെ ക്ഷണിച്ചതിന് ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഞാൻ എന്റെ നന്ദി അറിയിക്കുകയാണ്. നമ്മുടെ വീട്ടിലേക്ക് ഒരു അതിഥി വരുമ്പോൾ നമ്മുടെ അനുവാദമില്ലാതെ അവർക്ക് വീട്ടിലേക്ക് പ്രവേശിക്കാൻ പറ്റില്ല. അതുപോലെ തന്നെയാണ് ഇത്തരം ചടങ്ങുകളും. ക്ഷണമില്ലാതെ ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ പറ്റില്ല. ഇതുപോലെയൊരു ചടങ്ങളിൽ പങ്കെടുക്കാൻ പറ്റിയത് ദൈവത്തിന്റെ പുണ്യമായിട്ട് ഞാൻ കാണുന്നു.

നേരത്തെ പറഞ്ഞതുപോലെ വിശ്വാസമാണോ മിത്താണോ എന്നതൊക്കെ ഓരോ ആളുകളുടെ വിശ്വാസമാണ്. നമ്മൾ വിശ്വാസത്തെ എതിർത്ത് നമ്മുടെ വിശ്വാസമാണ് വലുതെന്ന് പറയുന്നത് ഒന്നുമല്ല കാര്യം. അത് അവര് വിശ്വസിച്ചോട്ടെ, പക്ഷേ നമ്മുക്ക് നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാമല്ലോ. മറ്റേത് തിരുത്താൻ പോകേണ്ട എന്നാണ് എന്റെ അഭിപ്രായം. നമ്മൾ തീർച്ചയായും ശാസ്ത്രയും വിശ്വസിക്കുന്നുണ്ട്. നമ്മൾ ജീവിക്കുന്നതും അതിലൂടെ തന്നെയാണ്. അതോടൊപ്പം തന്നെ നമ്മയുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നു. എലെക്ട്രിസിറ്റി ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ്.

ചെറിയായൊരു ഒരു പഞ്ചസാര പോലും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ്. പക്ഷേ പഞ്ചസാരയുടെ രുചി എന്താണെന്ന് ചോദിച്ചാൽ എന്ത് പറയും. മധുരമെന്ന് പറയും. ശർക്കരയ്ക്ക് മധുരമല്ലേ? കൽഖണ്ഡത്തിന് മധുരമല്ലേ? എങ്ങനെയാണ് അത് വ്യക്തമാക്കുക? [പറയാൻ വാക്കുകളില്ല. അപ്പോൾ ചില കാര്യങ്ങൾ നമ്മുക്ക് അനുഭവിക്കാനേ പറ്റൂ. പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്നത് ഒരു അനുഭൂതിയാണ്. അതെങ്ങനെയാണ് വാക്കുകളായി പറയാൻ പറ്റുക. ഹിന്ദു എന്ന് പറയുന്നത് ഒരു മതത്തിന്റെ പേരിൽ കെട്ടിയിടുന്നതാണ് ഏറ്റവും കഷ്ടമായി തോന്നുന്നത്.

ഹിന്ദു എന്നത് ഒരു സംസ്കാരമായിട്ടാണ് ഞാൻ കാണുന്നത്. ഭഗവത്ഗീതയായാലും രാമായണമായാലും മഹാഭാരതമായാലും രചിക്കപ്പെട്ടത് ഒരു മനുഷ്യനെ കൂടുതൽ നല്ല വ്യക്തിയാക്കാനാണ്. എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും നമ്മൾ ബഹുമാനിക്കുക. എനിക്ക് നിങ്ങൾ നൽകിയ വിശ്വാസമാണ് എന്നെ നടനാക്കിയത്. ഇദ്ദേഹത്തെ എംപിയാക്കിയത്. അതുപോലെ തന്നെയാണ് ഒരു മിനിസ്റ്റർ ആണെങ്കിലും സ്പീക്കർ ആണെങ്കിലും ആ സ്ഥാനത്ത് ഇരുത്തുന്നത് നമ്മൾ അദ്ദേഹത്തിന് കൊടുക്കുന്നതും ഒരു വിശ്വാസമാണ്. വിശ്വാസങ്ങളെ എന്നും മുറുകെ പിടിക്കാൻ നമ്മുക് സാധിക്കട്ടെ..”, ജയസൂര്യ പറഞ്ഞു.