‘രണ്ട് വർഷമായി സഹിക്കുന്നു! ദയ അശ്വതിക്ക് എതിരെ ഞാൻ പൊലീസിൽ പരാതി നൽകി..’ – അമൃത സുരേഷ്

സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികൾക്ക് സുപരിചിതയായ ഒരാളാണ് ഗായിക അമൃത സുരേഷ്. സമൂഹ മാധ്യമങ്ങളിൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന അമൃത സുരേഷിന് എതിരെ വലിയ രീതിയിൽ വിമർശനങ്ങളും സൈബർ അതിക്രമങ്ങളും നടക്കാറുണ്ട്. യൂട്യൂബിൽ ഫേസ്ബുക്കിലുമൊക്കെ അപകീർത്തി പെടുത്തുന്ന രീതിയിലുള്ള വീഡിയോസ് ചിലർ ചെയ്യുകയും അത് വൈറലായി മാറാറുമുണ്ട്. ഇതിനെതിരെ ഇപ്പോൾ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് അമൃത.

ഏഷ്യാനെറ്റിൽ ബിഗ് ബോസിലൂടെ സുപരിചിതയായ ദയ അശ്വതിയ്ക്ക് എതിരെയും അതുപോലെ തന്നെ ഒരു യൂട്യൂബ് ചാനലിന് എതിരെയുമാണ് അമൃത പരാതി കൊടുത്തിരിക്കുന്നത്. രണ്ടിനും എതിരെ പരാതി കൊടുക്കാനുള്ള കാരണവും അമൃത വ്യക്തമാക്കിയിട്ടുണ്ട്. “പരിഹാരം കണ്ടെത്താൻ വേണ്ടിയുള്ള എന്റെ സമീപകാല ചുവടുവെപ്പ് – ഇന്ന് മിസ് ദയ അശ്വതിയ്ക്ക് എതിരെ ഞാൻ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ രണ്ട് വർഷമായി, അവൾ ഫേസ്ബുക്ക് വീഡിയോകളിലൂടെ എന്നെ അപകീർത്തിപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങൾക്ക് എതിരെ നടപടി എടുക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു.

ശരിയായ ചാനലിലൂടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നു, ന്യായമായ പരിഹാരം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു..”, അമൃത ദയയ്ക്ക് എതിരെയുള്ള പരാതി പകർപ്പിന് ഒപ്പം കുറിച്ചു. രണ്ടാമത്തെ പരാതിയിൽ. “അസത്യത്തിനെതിരെ ഒരു നിലപാട് എടുക്കുന്നു, ‘അമൃതയുടെ മകളുടെ’ ദാരുണമായ വിയോഗം എന്ന് അവകാശപ്പെടുന്ന തെറ്റായ വീഡിയോ പ്രചരിപ്പിച്ചതിന് ‘മിസ്റ്ററി മലയാളി’ എന്ന യൂട്യൂബ് ചാനലിനെതിരെ ഞാൻ പോലീസിൽ പരാതി നൽകി.

ഞാൻ അല്ല, എന്റെ ഐഡന്റിറ്റിയാണ് അവർ ക്ലിക്ക്ബെയ്റ്റിനായി ഉപയോഗിച്ചത്. എന്റെ കുടുംബത്തെ കുറിച്ചും എന്റെ സ്വഭാവത്തെ കുറിച്ചുമുള്ള ഇത്തരം തെറ്റായ വാർത്തകൾ ഞാൻ ഒരുപാട് നാളുകളായി സഹിക്കുകയാണ്. എന്റെ നിശബ്ദത ഞാൻ അവസാനിപ്പിക്കുന്നു. ഈ സംഭവം അതിരുകടന്നു, എന്റെ മകളെ കുറിച്ചാണ് ഇങ്ങനെ കൊടുത്തിരിക്കുന്നത്. അമ്മയെന്ന നിലയിൽ അവളെ ഡിജിറ്റൽ മേഖലയിൽ പോലും സംരക്ഷിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. ഇതെല്ലാവർക്കുമുള്ള ഒരു മുന്നറിയിപ്പാണ്. നമുക്ക് കൂടുതൽ സത്യസന്ധവും മാന്യവുമായ ഒരു ഓൺലൈൻ ഇടം വളർത്തിയെടുക്കാം..”, അമൃത കുറിച്ചു.