‘നമ്മുക്ക് ഒരു ഉളുപ്പ് ഉണ്ടാവണം! അച്ഛന്റെ പേര് ഉപയോഗിക്കാതെ ഇരിക്കുക എന്നുള്ളത്..’ – ദുൽഖറും ഗോകുലും

ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തുകയാണ്. അഞ്ച് ഭാഷകളിൽ വമ്പൻ റിലീസിന് ഒരുങ്ങുന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ മറ്റുള്ള സ്ഥലങ്ങളിൽ പോയി അവസാനം ഈ കഴിഞ്ഞ ദിവസം കേരളത്തിലും വലിയ പരിപാടി നടത്തിയിരുന്നു. അതിന് ശേഷം ദുൽഖറും താരങ്ങളും ചാനലുകൾക്കും ഓൺലൈൻ മീഡിയകൾക്കും അഭിമുഖവും നൽകിയിരുന്നു.

ഇപ്പോഴിതാ മലയാളത്തിലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ദുൽഖറും ഗോകുൽ സുരേഷും പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. രണ്ടുപേരുടെയും അച്ഛന്മാർ സിനിമയിലെ താരരാജാക്കന്മാർ ആയിരുന്നു. അച്ഛന്റെ പേര് ഉപയോഗിച്ച് ഒന്നും നേടിയിട്ടില്ല എന്ന് മുമ്പ് പറഞ്ഞ കാര്യത്തെ കുറിച്ച് അവതാരകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദുൽഖറും പിന്നീട് ഗോകുലിനോട് ഈ കാര്യം ദുൽഖർ തന്നെ ചോദിച്ചു.

“എന്റെ അച്ഛനും ഗോകുലിന്റെ അച്ഛനുമൊക്കെ വലിയ പ്രതിഭകളും വിജയിച്ച പിതാക്കന്മാരുമാണ്. യഥാർത്ഥമായി വളർന്ന് വരണമെന്ന് ആഗ്രഹിക്കുന്ന ആരും എന്റെ അച്ഛൻ ആരാണെന്ന് അറിയുമോ, അല്ലെങ്കിൽ അച്ഛന്റെ സ്വാതീനം ഉപയോഗിച്ച് ആരെങ്കിലും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് അത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എനിക്ക് പറ്റില്ല! അത് ഇന്നും എയർപോർട്ടിൽ നമ്മളെ ഹെൽപ് ചെയ്യാൻ ആളുകളുണ്ടാവും. ഇപ്പോഴും ഒരു ക്യു കട്ട് ചെയ്യാൻ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്.

അല്ലേൽ ഞാൻ അവിടെ നിന്നിട്ട് എന്തെങ്കിലും ആളുകൾ കൂടിയാൽ മാത്രമേ ഞാൻ ചെയ്യുകയുള്ളൂ. പക്ഷേ അത് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ്. എന്റെ അച്ഛന്റെ മകനായി ജനിച്ചത് അത് എന്റെ ഭാഗ്യമാണ്. അതൊരു യാദർശ്ചികമായി ജനറ്റിക് ലോട്ടറിയാണ്. അതുകൊണ്ട് ഞാൻ സ്പെഷ്യൽ ആണെന്നോ ഞാൻ അർഹിക്കുന്ന ആളാണെന്നോ എന്നൊന്നുമല്ല അതിന്റെ അർത്ഥം..”, ദുൽഖർ പറഞ്ഞു. പിന്നീട് ഈ ദുൽഖർ ഇതേ കാര്യം ഗോകുലിനോട് ചോദിച്ചു.

“എനിക്ക് അത് തിരിച്ചാണ് തോന്നുന്നത്. അത്തരമൊരു അധികാരാവകാശം ഉണ്ടെന്ന് അവിടെയുള്ളപ്പോൾ അത് ഉപയോഗിക്കാതിരിക്കുക എന്നതാണ് വേണ്ടത്. നമ്മുക്കൊരു ഉളുപ്പ് ഉണ്ടാവണം..”, ഗോകുൽ സുരേഷിന്റെ മറുപടി ഇതായിരുന്നു. ദുൽഖർ ആ പറഞ്ഞതിന് കൈ കൊടുക്കുകയും താൻ ആ ഒരു വാക്ക് ആലോചിക്കുകയായിരുന്നുവെന്നും പറയുകയും ചെയ്തു. ഓഗസ്റ്റ് 24-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്നത്. ഓണം റിലീസുകളിൽ ആദ്യം എത്തുന്നത് കിംഗ് ഓഫ് കൊത്തയാണ്.