‘മീശ മാധവനിലെ പട്ടാളം പുരുഷു! അപ്പൻ ഈ ലോകത്തില്ലെന്ന് പറയുമ്പോൾ പലരും ഞെട്ടും..’ – ജയിംസിന്റെ ഓർമ്മയിൽ മകൻ

150-ൽ അധികം മലയാള സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുള്ള ഒരു നടനായിരുന്നു ജെയിംസ് ചാക്കോ. 30 വർഷത്തോളം സിനിമ രംഗത്ത് സജീവമായിരുന്ന ജെയിംസ് 2007-ൽ ലോകത്തോട് വിട പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. ആർട്ട്, പ്രൊഡക്ഷൻ മാനേജർ ആയിട്ടാണ് ജെയിംസ് സിനിമയിൽ തുടക്കം കുറിക്കുന്നത്.

നടൻ നെടുമുടി വേണുവിന്റെ മാനേജറായി പിന്നീട് ജെയിംസ് മാറി. അരം പ്ലസ് അരം കിന്നരം എന്ന ചിത്രത്തിലൂടെയാണ് ജെയിംസ് ശ്രദ്ധനേടുന്നത്. അതിൽ മോഹൻലാൽ, ജഗതി എന്നിവർക്ക് ഒപ്പം മെക്കാനിക്കയായിട്ട് ജെയിംസ് അഭിനയിച്ചു. മീശ മാധവനിലെ പട്ടാളം പുരുഷുവാണ് മലയാളികൾ എന്നും ഓർത്തിരിക്കുന്ന ജെയിംസിന്റെ കഥാപാത്രം. യെസ് യുവർ ഓണറാണ് അവസാനത്തെ ചിത്രം.

ജെയിംസ് വിട പറഞ്ഞിട്ട് 15 വർഷമായെങ്കിലും അദ്ദേഹം ഈ ലോകത്തില്ല എന്ന് പറയുമ്പോൾ ഇപ്പോഴും ഞെട്ടുന്നവർ ഉണ്ടെന്ന് അദ്ദേഹം മകൻ ജിക്കു പങ്കുവച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിലാണ് ജിക്കു ഇത്തരം കുറിപ്പ് പങ്കുവച്ചത്. “ഒക്ടോബർ 16, ഇന്ന് അപ്പന്റെ ജന്മദിനമാണ്. വർഷങ്ങൾ ഇത്രയും ആയിട്ടും മലയാളികളുടെ മനസ്സിൽ നിന്ന് മാറാതെ നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പൻ ഈ ലോകത്തില്ലെന്ന് പറയുമ്പോൾ ഞെട്ടുന്നത്.

ഈ ലോകത്തോട് വിട പറഞ്ഞിട്ട് 16 കൊല്ലമായെങ്കിലും ആളുകളുടെ മനസ്സിൽ മായാതെ കിടക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ. ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങൾ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഈ ലോകത്ത് നിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സ്വർഗത്തിൽ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വീഡിയോ പോകുന്നതിന് മുന്നേ തയാറാക്കി എന്ന് വേണം കരുതാൻ.. ലവ് യു അപ്പാ..”, ജിക്കു ജെയിംസ് കുറിച്ചു.