‘ആണിനും പെണ്ണിനും ഒരേ നീതി വേണം, എനിക്കും അച്ഛനും അനിയനും ഒക്കെ ഉള്ളതാണ്..’ – ഷിയാസ് വിഷയത്തിൽ സാധിക

ആൺകുട്ടിക്കും പെൺകുട്ടിക്കും തുല്യനീതി വേണമെന്നാണ് താൻ പറഞ്ഞതെന്നും തന്റെ വീട്ടിലും അച്ഛനും അനിയനുമൊക്കെ ഉള്ളതാണെന്നും നടി സാധിക വേണുഗോപാൽ. ഒരു സ്ത്രീ പരാതി കൊടുത്തുവെന്ന് കരുതി ഉടനെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും ഷിയാസ് താൻ പറഞ്ഞത് എന്തുകൊണ്ട് ഷെയർ ചെയ്തുവെന്ന് അയാൾക്ക് മാത്രം അറിയുന്ന കാര്യമാണെന്നും അതിൽ പ്രതികരണമില്ലെന്നും സാധിക ഒരു ഉദ്‌ഘാടനത്തിന് എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിച്ചു.

“സ്ത്രീകൾക്ക് മാത്രമായിട്ട് ഒരു നിയമം വേണ്ടെന്നാണ് ഞാൻ പറഞ്ഞത്. ആൺകുട്ടികൾക്കും വേണ്ടേ.. രണ്ടുപേർക്കും ഒരേ അവകാശമല്ല വേണ്ടത്! എനിക്കും വീട്ടിൽ അച്ഛനും അനിയനുമൊക്കെയുണ്ട്. അവർക്ക് എന്തെങ്കിലും പറ്റി കഴിഞ്ഞാൽ, അവരുടെ ഭാഗത്ത് ഒന്നും തെറ്റ് ചെയ്തിട്ടുണ്ടാവില്ല. പെട്ടന്ന് ഒരു കാര്യം ഒന്നും അറിയാതെ ഒരു സ്ത്രീ കംപ്ലയിന്റ് കൊടുത്തു കഴിഞ്ഞ് അവരെ പിടിച്ചുകൊണ്ട് പോകുന്ന അവസ്ഥ എനിക്ക് ആലോചിക്കാൻ പറ്റില്ല.

അത് തെളിയിക്കാനും ഒരു അവസരം വേണ്ടേ.. സ്ത്രീകൾ ആകുമ്പോൾ പെട്ടന്ന് അറസ്റ്റ് ചെയ്യില്ലല്ലോ! അത് ഞാൻ പറഞ്ഞെന്നേ ഉള്ളൂ. പ്രിവില്ലേജ് എടുത്ത് കളയാൻ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ.. തുല്യമാവണം! തുല്യതയാണല്ലോ പ്രാധാന്യം. അത് ആൺകുട്ടിയ്ക്ക് ആയാലും പെൺകുട്ടിക്ക് ആയാലും ഒരുപോലെ ആയിരിക്കണം. ഇപ്പോൾ കുറെ കേസുകൾ കാണുന്നില്ലേ.. പെൺകുട്ടി ആണെന്നുള്ളത് കൊണ്ട് കൂടുതൽ പ്രിവിലേജ് ഉണ്ടെന്ന് യോജിക്കുന്നില്ലേ?

ഞാൻ പറഞ്ഞത് എന്നോട് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ആയിരുന്നു. അത് ഷിയാസ് ഷെയർ ചെയ്തത് എന്താണെന്ന് അയാൾക്ക് മാത്രം അറിയുന്ന കാര്യമാണ്.. ഞാൻ അതിൽ പ്രതികരിക്കേണ്ട ആവശ്യമില്ലല്ലോ.. അവന് ശരി എന്ന് തോന്നുന്ന കാര്യങ്ങളാണല്ലോ അവൻ ഷെയർ ചെയ്യുന്നത്. അത് ഞാനായിട്ട് യാതൊരു ബന്ധവുമില്ല..”, സാധിക തുറന്നടിച്ചു. സാധികയുടെ ഈ പ്രതികരണത്തെ എതിർത്തും നിരവധി പെൺകുട്ടികൾ കമന്റ് ഇട്ടിട്ടുണ്ട്.