‘നമ്മുടെ പൂർവ്വികർ സംരക്ഷിച്ച മഹത്തായ സംസ്കാരം..’ – മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ ഒരു നടനാണ് ഉണ്ണി മുകുന്ദൻ. മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഉണ്ണി ഇന്ന് ഒറ്റയ്ക്ക് സിനിമയിൽ നായകനായി അഭിനയിക്കുന്ന ലെവലിലേക്ക് എത്തി കഴിഞ്ഞു. സൂപ്പർഹിറ്റുകളും ഉണ്ണി എന്ന താരത്തിൽ നിന്ന് പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷമിറങ്ങിയ മാളികപ്പുറം തന്നെ അതിന് ഉദാഹരണമാണ്.

ഹിന്ദു ആചാരങ്ങളെ മുറുകെ പിടിക്കുന്ന ഒരാളാണ് ഉണ്ണി മുകുന്ദൻ എന്ന് പലപ്പോഴും അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നവരാത്രിയുടെ ആരംഭമായ ദിവസം മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ സന്തോഷം തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പൂർവികർ സംരക്ഷിച്ച മഹത്തായ സംസ്കാരം കാണുകയും അനുഭവിക്കുകയും ചെയ്യണമെന്ന് ഉണ്ണി ആരാധകരോട് ആവശ്യപ്പെട്ടു. കുറച്ച് നാൾ മുമ്പ് തിരുപ്പതിയിൽ ഉണ്ണി പോയിരുന്നു.

“പ്രിയപ്പെട്ടവർക്ക് നവരാത്രി ആശംസകൾ.. മധുരൈ മീനാക്ഷി ക്ഷേത്രത്തിൽ സായാഹ്നം ചെലവഴിച്ചു! ഞാൻ എന്റെ ഹൃദയം അവിടെ ഉപേക്ഷിച്ച്, പ്രതീക്ഷകളും ടൺ കണക്കിന് പോസിറ്റിവിറ്റിയും നിറഞ്ഞ ആത്മാവുമായി മടങ്ങി. ഇതുവരെ അവിടെ പോയിട്ടില്ലാത്തവർ ദയവായി അവിടെ സന്ദർശിച്ച് നമ്മുടെ പൂർവ്വികർ സംരക്ഷിച്ച മഹത്തായ സംസ്കാരം കാണുകയും അനുഭവിക്കുകയും ചെയ്യുക..”, ഉണ്ണി കുറിച്ചു.

പുതിയ തമിഴ് ചിത്രമായ കരുഡന്റെ ഷൂട്ടിങ്ങിന് തമിഴ് നാട്ടിലാണ് താരം. ഷൂട്ടിംഗ് ഇല്ലാത്ത സമയം ഇടവേള എടുത്താണ് ഉണ്ണി മധുര മീനാക്ഷി ക്ഷേത്രത്തിൽ പോയത്. വെട്രിമാരന്റെ തിരക്കഥയിൽ ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കരുഡൻ. സൂരിയും ശശികുമാറും ഉണ്ണി മുകുന്ദനുമാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്.