‘അമ്പോ ഇത് എന്തൊരു കുതിപ്പാണ്!! ആറ് ദിവസം കൊണ്ട് 400 കോടി ക്ലബിൽ ജയിലർ..’ – ഏറ്റെടുത്ത് രജനി ആരാധകർ

ഇതെന്ത് മാജിക്കാണ് നെൽസൺ ദിലീപ് കുമാർ ചെയ്തതെന്ന് ഓരോ തിയേറ്റർ ഉടമകൾ ചോദിച്ചുപോകുന്ന രീതിയിലാണ് ജയിലർ തമിഴ് നാട്ടിൽ മുന്നേറികൊണ്ടിരിക്കുന്നത്. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിലും കർണാടകയിലും ആന്ധ്രായിലും വിദേശത്തും ഒക്കെ ജയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തനിക്ക് മുന്നിലുണ്ടായിരുന്ന താരങ്ങളുടെ സിനിമ രജനിയുടെ ജയിലർ തൂക്കിയടിച്ചുകൊണ്ടേയിരുന്നു.

രജനിയുടെ തന്നെ 2.0യും കബാലിയും അതുപോലെ കമൽഹാസന്റെ വിക്രമവും മണി രത്‌നത്തിന്റെ ക്ലാസിക് പൊന്നിയൻ സെൽവുമാണ് ഇനി മുന്നിലുള്ള സിനിമകൾ. രജനിയുടെ ജയിലർ വെറും ആറ് ദിവസം കൊണ്ട് 400 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്. ഈ നേട്ടം കൈവരിക്കാൻ കമൽഹാസന്റെ വിക്രത്തിന് 23 ദിവസം എടുത്തിരുന്നു. അതുകൊണ്ട് വിക്രത്തിന്റെ കളക്ഷൻ ഇന്നോ നാളെയോ ജയിലർ ബ്രേക്ക് ചെയ്യും.

തമിഴ് നാട്ടിലെ പ്രമുഖ ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്റെ റിപ്പോർട്ട് അനുസരിച്ച് ജയിലർ ആറ് ദിവസം കൊണ്ട് 416 കോടിയാണ് നേടിയിരിക്കുന്നത്. ആറാം ദിനമായ ഇന്നലെ 64.27 കോടി രൂപയാണ് വേൾഡ് വൈഡ് ജയിലറിന് ലഭിച്ചത്. ഇത് തിങ്കളഴ്ചയിലെ കളക്ഷനെക്കാൾ 15 കോടിയിൽ അധികം കൂടുതലാണെന്ന് ശ്രദ്ധേയമാണ്. ജയിലർ ഇൻഡസ്ട്രി ഹിറ്റ് സിനിമയായി മാറുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ കളക്ഷനാണ് നിലവിൽ ഏറ്റവും മുന്നിലുള്ളത്. 1600 കോടിയാണ് അതിന്റെ കളക്ഷൻ. ബാഹുബലിയുടെ ആദ്യ ഭാഗമാണ് രണ്ടാമതുള്ളത്. അത് 560 കോടിയാണ്. ജയിലറിന്റെ കുതിപ്പ് തുടരുകയാണെങ്കിൽ ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ കളക്ഷൻ ഭേദിച്ച് രണ്ടാമത് എത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. കേരളത്തിൽ നിന്ന് ജയിലർ ഇതുവരെ 33 കോടിയാണ് നേടിയിരിക്കുന്നത്.