‘പഠിത്തം ഇല്ലാത്തതിന്റെ വിഷമം മാറ്റുന്നു, പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതാൻ ഇന്ദ്രൻസ്..’ – കൈയടിച്ച് സോഷ്യൽ മീഡിയ

ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനായി മാറിയ ഒരാളാണ് ഇന്ദ്രൻസ്. കോമഡി റോളുകളിൽ നിന്ന് സഹനടനായിട്ടുള്ള വേഷങ്ങളിലേക്ക് എത്തുകയും പിന്നീട് പ്രധാന വേഷങ്ങളിലേക്കുള്ള മാറ്റവും മലയാളി പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. ഇന്ദ്രൻസ് എന്ന നടനെ മാത്രമല്ല വ്യക്തിയെയും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെയാണ് അതിന് കാരണം.

ദേശീയ അവാർഡ് കിട്ടിയിട്ടും ഇന്ദ്രൻസിന് പണ്ട് മുതലേയുള്ള ഒരു വിഷമത്തിന് പരിഹാരം ഒടുവിൽ കണ്ടെത്തിയിരിക്കുകയാണ്. പഠിത്തത്തിന്റെ പേരിൽ വേദിയിൽ നിന്നും പിന്നോട്ട് പോയ ഇന്ദ്രൻസ് ഇപ്പോഴിതാ സാക്ഷരതാ മിഷന്റെ അക്ഷരശ്രീ വഴി പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതാൻ ഒരുങ്ങുകയാണ് ഇന്ദ്രൻസ്. ഇതിന്റെ ഭാഗമായി ഇന്ദ്രൻസ് പത്താം ക്ലാസ് തുല്യത ക്ലാസ്സിന് ഇപ്പോൾ ചേർന്നിരിക്കുകയാണ്.

പത്ത് മാസമാണ് ക്ലാസ്. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ഹൈസ്‌കൂളിൽ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ് നടക്കുക. സ്കൂളിൽ പോകാൻ പുസ്തകവും വസ്ത്രവും ഇല്ലെന്ന് സ്ഥിതി വന്നപ്പോഴാണ് ഇന്ദ്രൻസ് തന്റെ പഠനം അവസാനിപ്പിച്ചത്. “നാലാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചു. അന്ന് കടുത്ത ദാരിദ്ര്യം ആയിരുന്നു. നടൻ എന്ന നിലയിൽ ഇത്രയും അംഗീകാരം കിട്ടിയപ്പോഴും പഠിക്കാൻ പറ്റാത്തതിന്റെ കുറ്റബോധം ഉണ്ടായിരുന്നു.

പേടിയോടെ പല വേദികളിൽ നിന്നും പിന്നോട്ട് പോയിട്ടുണ്ട്. ഇപ്പോൾ ഒരു അവസരം വന്നിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം പഠിപ്പില്ലാത്തത് കാഴ്ചയില്ലാത്തത് പോലെയാണ്. എനിക്ക് കാഴ്ച വേണം..”, ഇന്ദ്രൻസ് പറഞ്ഞു. വീണ്ടും പഠിക്കാൻ തീരുമാനിച്ച ഇന്ദ്രൻസിന് സോഷ്യൽ മീഡിയയിൽ എങ്ങും അഭിനന്ദനപ്രവാഹമാണ്. ഇന്ദ്രൻസിന്റെ പഠനം മറ്റുള്ളവർക്കും പ്രചോദനമാകുമെന്നാണ് സാക്ഷരതാമിഷൻ ഡയറക്ടർ പ്രതീക്ഷിക്കുന്നത്.