‘സൗന്ദര്യം നിലനിർത്താനുള്ള ചില പൊടി കൈകൾ ചെയ്യാറുണ്ട്, സർജറി ചെയ്തിട്ടില്ല..’ – വെളിപ്പെടുത്തി ഹണി റോസ്

ഇന്ന് സിനിമകളിൽ അഭിനയിക്കുന്നതിനേക്കാൾ പ്രശസ്തി നേടിയെടുത്തുകൊണ്ടിരിക്കുന്ന ഒരു താരമാണ് ഉദ്‌ഘാടനങ്ങളിലൂടെ ശ്രദ്ധനേടുന്ന നടി ഹണി റോസ്. ഒരുപക്ഷേ ഹണി റോസ് സിനിമയിൽ അഭിനയിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ പിന്തുണയാണ് ഉദ്‌ഘാടനങ്ങളിൽ പങ്കെടുക്കുമ്പോൾ കിട്ടുന്നത്. ഹണി റോസ് എവിടെയൊക്കെ എത്താറുണ്ടോ അവിടെയൊക്കെ ജനം തടിച്ചുകൂടുന്ന കാഴ്ചയാണ് ഉള്ളത്.

ഇതിനിടയിൽ ഹണി റോസിന്റെ സൗന്ദര്യവും ശരീരപ്രകൃതിയും സർജറി ചെയ്തതാണെന്ന് ചിലർ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചിരുന്നു. അതിനിപ്പോൾ മറുപടി കൊടുത്തിരിക്കുകയാണ് ഹണി റോസ്. ഒരു മാഗസിൻ നൽകിയ അഭിമുഖത്തിലാണ് ഹണി ഈ കാര്യം വെളിപ്പെടുത്തിയത്. “ഞാൻ ഒരു സർജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ എനിക്ക് ഒന്നുമില്ല. സൗന്ദര്യം നിലനിർത്താൻ ചില പൊടികൈകൾ ഞാൻ ചെയ്യാറുണ്ട്.

ഈ രംഗത്ത് നിൽകുമ്പോൾ അത് തീർച്ചയായും ചെയ്യണം. ഒരു നടിയായിരിക്കുക, ഗ്ലാമർ മേഖലയിൽ ജോലി ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. സൗന്ദര്യം സംരക്ഷിക്കാൻ വർക്ക്ഔട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും ചില ട്രീറ്റ്മെന്റുകളും ചെയ്യാറുണ്ട്. അത് അത്ര വലിയ വിഷയമാണെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ എന്ത് ധരിക്കണം, എങ്ങനെ നടക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ആദ്യ സിനിമയിൽ സ്ലീവ്‌ലെസ് ധരിക്കേണ്ടി വന്നപ്പോൾ കറഞ്ഞയാളാണ് ഞാൻ.

ഇപ്പോൾ എനിക്ക് അറിയാം, അത് ധരിക്കുന്ന വസ്ത്രത്തിന്റെ കുഴപ്പമല്ല. മറ്റുള്ളവരുടെ നോട്ടത്തിന്റെ കുഴപ്പം ആണെന്ന്..”, ഹണി റോസ് അഭിമുഖത്തിൽ പറഞ്ഞു. ഹണിയുടെ പ്രതികരണം വന്നതോടെ ആരാധകരും ഒപ്പം തന്നെ നിന്ന് പിന്തുണയ്ക്കുകയാണ്. പറയുന്നവർ എന്തും പറയട്ടെ ചേച്ചി ഇഷ്ടമുള്ളത് ചെയ്തോ എന്നാണ് ആരാധകരുടെ പിന്തുണ. റേച്ചൽ ആണ് ഹണിയുടെ അടുത്ത സിനിമ.