‘പാനൂർ ചൊക്ലിയിലെ സനൂപ് സിനിമ നടനല്ല, വെളുത്തിട്ടുമല്ല..’ – വിനായകൻ വിഷയത്തിൽ നടൻ ഹരീഷ് പേരടി

ഈ കഴിഞ്ഞ ദിവസമാണ് നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന ഒരു സംഭവം ഉണ്ടായത്. പൊലീസ് സ്റ്റേഷനിൽ മദ്യപിച്ച് എത്തിയ വിനായകൻ മോശമായി പെരുമാറി എന്നതായിരുന്നു കേസ് എടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള കാരണം. പക്ഷേ വിനായകൻ ന്യായമായ ആവശ്യമാണ് ഉന്നയിച്ചത് പലരും പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ഇടതുപക്ഷ അനുഭാവികളിൽ നിന്നാണ് പിന്തുണച്ചുള്ള പോസ്റ്റുകൾ കൂടുതലായി വന്നത്.

മറുഭാഗത്ത് വിനായകൻ എതിരെ നിസാരം വകുപ്പുകളാണ് എടുത്തതെന്നും കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് ലഭിച്ച പ്രിവില്ലേജ് ആണെന്നും ആക്ഷേപം ഉയരുകയും ചെയ്തു. ഇപ്പോഴിതാ നടൻ ഹരീഷ് പേരടി ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുകയാണ്. കുറച്ച് ദിവസം മുമ്പ് പാനൂർ നടന്നൊരു സംഭവമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം ഈ കാര്യത്തെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

“പാനൂർ ചൊക്ലിയിലെ സനൂപ് സിനിമ നടനല്ല, വെളുത്തിട്ടുമല്ല.. അയാളുടെ ജാതിയും ആർക്കുമറിയില്ല! ഈ ഒക്ടോബർ 10-ന് അയാൾ പൊലീസിനോട് ഒരു ചോദ്യം ചോദിച്ചു.. സീറ്റ് ബെൽറ്റിടാതെ നിങ്ങൾ എങ്ങനെയാണ് പോലീസ് വാഹനത്തിൽ യാത്ര ചെയ്യുന്നതെന്ന്.. പൊലീസ് കേസെടുത്തു. പൊലീസിന്റെ ഐഡി ചോദിച്ച സിനിമ നടനോടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു.

അടുത്ത ജന്മത്തിലെങ്കിലും ഒരു സിനിമ നടൻ ആവണമെന്ന് കേരളത്തിലെ ചെറുപ്പക്കാർ ആഗ്രഹിച്ചാൽ അത് സംസ്ഥാന പുരസ്കാരം കിട്ടാൻ വേണ്ടിയല്ല. മറിച്ച് മനുഷ്യാവകാശത്തിന് വേണ്ടിയാണെന്ന് കരുതിയാൽ മതി. പ്രശ്നം സർക്കാരും പൊലീസ് നയവുമാണ്. എന്ന് നാടകക്കാരനായ സിനാമാനടൻ. ഹരീഷ് പേരടി.. ജാഗ്രതൈ..”, താരം കുറിച്ചു. ഹരീഷിനെ പിന്തുണച്ച് നിരവധി കമന്റുകളും പോസ്റ്റിന് താഴെ വരികയുണ്ടായി.