‘എത്ര സിനിമ നഷ്ടപ്പെട്ടാലും എന്റെ പെങ്ങളോടൊപ്പം..’ – അതിജീവിതയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി

നടിയെ ആക്രമിക്കപ്പെട്ട കേ.സിൽ കോടതിയിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മോറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന് എതിരെ ഇന്ന് അതിജീവിത സമൂഹ മാധ്യമങ്ങളിലൂടെ തുറന്നടിച്ചിരുന്നു. പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലീക അവകാശം ആണെന്നും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് താനെന്ന് വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണെന്നും അതിജീവിത കുറിച്ചു.

ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്തു പകരേണ്ട കോടതിയിൽ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും, അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണെന്നത് സങ്കടകരമാണെന്നും താരം കുറിച്ചു. എങ്കിലും അവസാനം വരെ തനിക്ക് ലഭിക്കേണ്ട നീതിക്ക് വേണ്ടി പോരാടുമെന്നും ഓരോ ഇന്ത്യൻ പൗരന്റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ തന്റെ യാത്ര തുടരുക തന്നെ ചെയ്യുമെന്നും അതിജീവിത കുറിച്ചു.

താരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഡബ്ല്യൂസിസിയിലെ ചില അംഗങ്ങളും അതുപോലെ താരത്തിന്റെ അടുത്ത സിനിമ സുഹൃത്തുക്കളും രംഗത്ത് വന്നിട്ടുണ്ട്. അതേസമയം നടൻ ഹരീഷ് പേരടി താരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “മലയാള സിനിമയുടെ മേക്കിങ്ങും കഥയുടെ ശക്തിയും കണ്ട് ലോകം അമ്പരന്ന് നിൽക്കുകയാണെന്ന തള്ളും തള്ളിന്റെ തള്ളും സ്വയം ഓസ്ക്കാറും പ്രഖ്യാപിക്കുന്ന മലയാള സിനിമ ലോകമേ.

നമ്മുടെ കൂടെ ജോലി ചെയ്ത ഒരു പെൺകുട്ടിയാണി പറയുന്നത്.. കൂടെ നിൽക്കാനുള്ള ഒരു സാമാന്യ മര്യാദയെങ്കിലും കാണിക്ക്.. എത്ര സിനിമ നഷ്ടപ്പെട്ടാലും എന്റെ പെങ്ങളോടൊപ്പം..”, ഇതായിരുന്നു അതിജീവിതയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് ഹരീഷ് പേരടി കുറിച്ചത്. പാർവതി തിരുവോത്ത്, മൃദുല മുരളി, ആര്യ ബഡായ്, ശില്പ ബാല, റിമ കല്ലിങ്കൽ എന്നിവർ അതിജീവിതയുടെ പോസ്റ്റ് സ്റ്റോറിയാക്കി പിന്തുണ അറിയിച്ചിട്ടുണ്ട്.