അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ ആര്.എല്‍.വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ എന്ന നർത്തകി നടത്തിയ അധിക്ഷേപത്തിന് എതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടൻ ഹരീഷ് പേരടി. കഴിഞ്ഞ ദിവസമാണ് സത്യഭാമ രാമകൃഷ്ണന് എതിരെ മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചത്. രാമകൃഷ്ണനെ കണ്ടാൽ കാക്കയുടെ നിറമാണെന്നും കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് ഹരീഷ് പേരടി പ്രതികരിച്ചത്. ആര്.എല്‍.വി രാമകൃഷ്ണന്റെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഹരീഷ് കുറിപ്പ് ഇട്ടത്. “മോളെ സത്യഭാമേ.. ഞങ്ങൾക്ക് നീ പറഞ്ഞ “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി. രാമകൃഷ്ണനോടും ഒരു അഭ്യർത്ഥന. ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധം എന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്.
ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം.. കറുപ്പിനൊപ്പം.. രാമകൃഷ്ണനൊപ്പം..”, ഇതായിരുന്നു ഹരീഷ് പേരടി കുറിച്ചത്. ഹരീഷിനെ പോലെ നിരവധി പേരാണ് രാമകൃഷ്ണനെ പിന്തുണച്ചും സത്യഭാമയെ വിമർശിച്ചും രംഗത്ത് വന്നിട്ടുള്ളത്. സത്യഭാമയ്ക്ക് എതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. രാമകൃഷ്ണൻ കേസ് കൊടുക്കണമെന്നും സത്യഭാമ പരസ്യമായി മാപ്പ് പറയണമെന്നുമൊക്കെ ആവശ്യം ഉയരുന്നുണ്ട്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദമായ പരാമർശം നടത്തിയത്. “മോഹിനി ആയിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറമാണ്. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വേറിയില്ല. ആൺപിള്ളേര് ചെയ്യുകയാണെങ്കിൽ തന്നെ സൗന്ദര്യമുള്ളവർ ചെയ്യണം. ഇവനെ കണ്ടാൽ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല..”, ഇതായിരുന്നു സത്യഭാമയുടെ പ്രസ്താവന.