‘രാജ്യത്ത് ഒരു നിയമം നടപ്പിലായ സ്ഥിതിക്ക് ഈ അടിവര അറബികടലിൽ വരച്ച വര പോലെ..’ – മുഖ്യമന്ത്രിയെ വിമർശിച്ച് ഹരീഷ് പേരടി

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ തുറന്നടിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭയാണ് കേരളത്തിലുളളതെന്നും എൻപിആർ കേരളത്തിൽ നടപ്പിലാക്കില്ലെന്നും അടിവരയിട്ട് പറയുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നത്. ഇതിന് എതിരെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

“ഈ അടിവരയെ കുറിച്ച് എനിക്ക് ശരിക്ക് ഒന്നും മനസ്സിലായില്ല. 2014 ഡിസംബർ 31ന് മുൻപ് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ കേന്ദ്ര സർക്കാറിന്റെ പട്ടികയിൽപ്പെടാത്തവർക്ക് കേരളം പൗരത്വം നൽകുമെന്നല്ലെ ഈ പറഞ്ഞതിന്റെ അർത്ഥം.. അത് എങ്ങനെ നടക്കും. അതിന് കേരളം ഒരു രാജ്യമല്ലല്ലോ. ആർമിയും എയർഫോഴ്സും നേവിയും എല്ലാമുള്ള ഇന്ത്യ മഹാരാജ്യത്തിലെ ഇതൊന്നും സ്വന്തമായില്ലാത്ത ഒരു ചെറിയ സംസ്ഥാനമല്ലെ.

രാജ്യത്ത് ഒരു നിയമം നടപ്പിലായ സ്ഥിതിക്ക് ഈ അടിവര അറബികടലിൽ വരച്ച വര പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ..”, ഹരീഷ് പേരടി മുഖ്യമന്ത്രി പങ്കുവച്ച ആ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് കുറിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും പിന്നീട് എല്ലാം കെട്ടടങ്ങിയിരുന്നു. കേരളത്തിൽ മാത്രമാണ് അത് വലിയ രീതിയിൽ ചർച്ചയായത്. പ്രമേയം പാസാക്കിയതും കേരളം മാത്രമാണ്.

മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ ഇത് ആദ്യം നടപ്പിലാക്കുന്നത് ഇവിടെ ആയിരിക്കും എന്നും ഇലക്ഷൻ പ്രമാണിച്ച് കുറച്ച് വോട്ട് കിട്ടാനുള്ള പരിപാടിയാണെന്നുമൊക്കെ ചില വിമർശന കമന്റുകൾ വന്നിട്ടുണ്ട്. ഹരീഷിന്റെ പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായി മാറുകയും ചെയ്തു. നേരത്തെയും സർക്കാരിന് എതിരെ വിമർശിച്ച് ഇടതുപക്ഷത്തിന്റെ കണ്ണിലെ കരടായി ഹരീഷ് പേരടി മാറിയിരുന്നു. ഹരീഷിന്റെ സിനിമകൾ കാണില്ലെന്ന് വരെ അഭിപ്രായപ്പെട്ടവരുണ്ട്.