‘ഈ നടന വാലിഭന്റെ ആലിംഗനം അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്..’ – നടൻ ഹരീഷ് പേരടി

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവടങ്ങളിലെ 130 ദിവസം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് അവസാനിച്ചിരിക്കുന്നത്. ഇനി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കും.

സിനിമയുടെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെസ്റ്റിവൽ റിലീസാവുമെന്ന് ഉറപ്പാണ്. 2023 ക്രിസ്തുമസ് റിലീസ് ആകാൻ സാധ്യത ഏറെയാണ്. സിനിമയിലെ തന്റെ സീനുകൾ ഇന്നലെ അവസാനിച്ചെന്ന് സൂചിപ്പിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി പോസ്റ്റ് പങ്കുവച്ചിരുന്നു. ആറ് മാസത്തോളം അഭിനയ കലയുടെ ഉസ്താദിനൊപ്പം യാത്ര ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് ഹരീഷ് പങ്കുവച്ചത്.

“ആറ് മാസമായി അഭിനയ കലയുടെ ഈ ഉസ്താദിനോട് ഒപ്പം എനിക്ക് പരിചയം ഇല്ലാത്ത ഏതോ ഭൂമികയിലൂടെ, ഏതോ കാലത്തിലൂടെ ഉള്ള ഒരു യാത്ര ആയിരുന്നു. ഇന്ന് ഈ സിനിമയുടെ ഞങ്ങൾ ഒന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ, ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്.

ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങൾ എന്ന മനുഷ്യരെയും ഒന്നും വേർതിരിക്കാൻ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പര ബഹുമാനത്തിന്റെ സ്നേഹ മുഹൂർത്തം. ലാലേട്ടാ..”, സ്നേഹത്തോട് ലാലേട്ടനെ പൊന്നാട അണിയിക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. സിനിമയിൽ മോഹൻലാൽ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നതെന്ന് ചില വാർത്തകൾ ഉണ്ടായിരുന്നു.