‘ഗുരുവായൂരിൽ കുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യയ്ക്ക് സഹായവുമായി സുരേഷ് ഗോപി..’ – നാളെ കുടുംബത്തെ സന്ദർശിക്കും

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായ ഒരു സംഭവമായിരുന്നു ഗുരുവായൂർ അമ്പലനടയ്ക്ക് പിഞ്ചുകുഞ്ഞുമായി വിൽക്കുന്ന ഒരു അമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഇത് പിന്നീട് വലിയ രീതിയിൽ വാർത്തയായി. ധന്യ എന്ന യുവതിയാണ് തന്റെ കുഞ്ഞുമായി മുല്ലപ്പൂ വിറ്റത്. ധന്യയുടെ ജീവിതകഥ അറിഞ്ഞതോടെ മലയാളികൾ ഏവരും ഏറെ സങ്കടത്തിലായി.

ഹൃദ്രോഗിയായ ഭർത്താവിന്റെ ചികിത്സയ്ക്കും അതുപോലെ കുടുംബം പോറ്റാനുമാണ് ധന്യ ഗുരുവായൂർ അമ്പലത്തിന് മുന്നിൽ മുല്ലപ്പൂ കച്ചവടം നടത്തുന്നത്. മകനെ നോക്കാൻ വേറെ ആരുമില്ലാത്തതുകൊണ്ടാണ് കൈക്കുഞ്ഞുമായി ധന്യ കച്ചവടത്തിന് എത്താറുള്ളത്. ഇപ്പോഴിതാ വാർത്ത പുറത്തുവന്ന് അറിഞ്ഞതോടെ മലയാളികളുടെ പ്രിയനടൻ സുരേഷ് ഗോപി ധന്യയ്ക്ക് സഹായവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

തന്റെ മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യയ്ക്ക് നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചിരിക്കുകയാണ്. ഇത് കൂടാതെ ഗുരുവായൂരിൽ എത്തി ധന്യയുടെ കുടുംബത്തെ സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നാളെ ഗുരുവായൂരിൽ എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്ഷേമ പെൻഷൻ മുടങ്ങി പ്രതിഷേധിച്ച മറിയകുട്ടിയെയും അന്നമ്മയും സുരേഷ് ഗോപി കണ്ടിരുന്നു.

ധന്യയുടെയും ഭർത്താവിന്റെയും പ്രണയവിവാഹം ആയിരുന്നു. വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്തതിനാൽ കുടുംബം കൈവിട്ടു. ഭർത്താവിന് ഹൃദ്രോഗം പിടിപ്പെട്ടതോടെ ആകെ കഷ്ടപ്പാടിലായി. നിത്യച്ചിലവുകൾക്കും ചികിത്സയ്ക്കുള്ള മരുന്നിനും വേണ്ടിയാണ് ധന്യ പൂക്കച്ചവടം നടത്തുന്നത്. കുടുംബക്കാർ ആരുമില്ലാത്തതുകൊണ്ട് മാത്രമാണ് കൈക്കുഞ്ഞുമായി നിൽക്കുന്നത് ധന്യ പറഞ്ഞിരുന്നു.