‘ചേച്ചിയമ്മ!! ഗിന്നസ് പക്രുവിന് വീണ്ടും പെൺകുഞ്ഞ്..’ – മൂത്തമകൾക്ക് ഒപ്പം സന്തോഷം പങ്കുവച്ച് താരം

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഹാസ്യ നടനാണ് ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയ് കുമാർ. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ മറ്റൊരു മനോഹരമായ മുഹൂർത്തം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഗിന്നസ് പക്രു. തനിക്ക് വീണ്ടും ഒരു കുഞ്ഞ് ജനിച്ച സന്തോഷ വാർത്തയാണ് പക്രു സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരെ അറിയിച്ചത്. പെൺകുട്ടിയാണ്.

മൂത്തമകളായ ദീപ്തയ്ക്ക് ഒപ്പം കുഞ്ഞിനെ കൈയിലെടുത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് പക്രു ഈ കാര്യം അറിയിച്ചത്. ദീപ്ത ഒരു ചേച്ചി അമ്മയായി എന്ന ക്യാപ്ഷനോടെ പക്രു ഫോട്ടോ പങ്കുവെക്കുകയും അതിന് താഴെ ആശംസകളുമായി ആയിരങ്ങൾ കമന്റുകൾ ഇടുകയും ചെയ്തു. ഗായത്രി മോഹനാണ് താരത്തിന്റെ ഭാര്യ. 2006-ലായിരുന്നു പക്രുവിന്റെയും ഭാര്യ ഗായത്രി മോഹന്റെയും വിവാഹം.

എറണാകുളത്തെ അമൃത ആശുപത്രിയിൽ വച്ചാണ് ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്. ഡോക്ടർ രാധാമണിക്കും ടീമിനും ഗിന്നസ് പക്രു നന്ദി അറിയിക്കുകയും ചെയ്തു. ദീപ്തയ്ക്ക് മുമ്പ് ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നുവെന്ന് പക്രു ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. രണ്ട് ആഴ്ച മാത്രമായിരുന്നു ആ കുഞ്ഞ് ജീവിച്ചത്. 2009-ലായിരുന്നു ദീപ്ത ജനിച്ചത്. പതിനാല് വർഷങ്ങൾക്ക് ഇപ്പുറമാണ് അടുത്ത കുഞ്ഞ് ജനിച്ചിരിക്കുന്നത്.

മിമിക്രി കലാരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഗിന്നസ് പക്രു. കലോത്സവ വേദികളിലൂടെ കഴിവ് തെളിയിച്ച ഗിന്നസ് പക്രു, അമ്പിളി അമ്മാവൻ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. ജോക്കർ എന്ന ചിത്രമാണ് പ്രശസ്തി നേടി കൊടുത്തത്. അത്ഭുതദ്വീപിൽ ആദ്യമായി നായകനായി അഭിനയിച്ച് ഗിന്നസ് ബുക്കിൽ ഇടംപിടിക്കുകയും ചെയ്തു താരം.